എഴുത്തച്ഛന്‍ പുരസ്ക്കാരം കെ സച്ചിദാനന്ദന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരം കെ സച്ചിദാനന്ദന് . തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എ കെ ബാലനാണ്  പുരസ്ക്കാരം പ്രഖ്യാപിച്ചത്. കേരള സര്‍ക്കാര്‍ സാഹിത്യമേഖലക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്ക്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാരം ജേതാവിനെ നിര്‍ണയിച്ചത്.

അഞ്ച് ലക്ഷം രൂപയും ഫലകവും  പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. സച്ചിദാനന്ദന്‍ മലയാളത്തിന്റെ  സാര്‍വ്വദേശീയ കവിയാണെന്നും മന്ത്രി പറഞ്ഞു. 1946 മേയ് 28നു തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച സച്ചിദാനന്ദന്‍ തര്‍ജ്ജമകളടക്കം അന്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിലെ പ്രതിഭകളായ അന്റോണിയോ ഗ്രാംഷി, പാബ്ളോ നെരൂദ,  യെഹൂദ അമിഷായി, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരുടെ രചനകളെ, മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് സച്ചിദാനന്ദനാണ്. 1989, 1998, 2000, 2009,2012 വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്ലഭിച്ചു. 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2012ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു.

1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ളീഷ് പ്രൊഫസര്‍ ആയി ജോലി നോക്കി. 1996 മുതല്‍ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

എഴുത്തച്ഛനെഴുതുമ്പോള്‍, സച്ചിദാനന്ദന്റെ കവിതകള്‍,ദേശാടനം, ഇവനെക്കൂടി, കയറ്റം,സാക്ഷ്യങ്ങള്‍, അപൂര്‍ണം, വിക്ക്,മറന്നു വച്ച വസ്തുക്കള്‍,വീടുമാറ്റം, അഞ്ചു സൂര്യന്‍, പീഡനകാലം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Related Articles