Section

malabari-logo-mobile

കാളികാവില്‍ അഞ്ച് കിലോ കഞ്ചാവുമായി മൊത്തവില്‍പ്പനക്കാരി എക്‌സൈസ് പിടിയില്‍

HIGHLIGHTS : നിലമ്പൂര്‍: അട്ടപ്പാടിയില്‍ നിന്ന് കഞ്ചാവ് കടത്തി മലപ്പുറം ജില്ലയില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ കാളികാവ...

Excise 1നിലമ്പൂര്‍: അട്ടപ്പാടിയില്‍ നിന്ന് കഞ്ചാവ് കടത്തി മലപ്പുറം ജില്ലയില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ കാളികാവ് എക്‌സൈസ് സംഘം പിടികൂടി. നിലമ്പൂര്‍ ചോക്കാട് തണ്ടുപാറ ചരപ്പന്റ മകളും ഇപ്പോള്‍ അഗളി കോട്ടത്തറ നായ്ക്കപ്പാടിയില്‍ താമസിക്കുന്ന സുഭദ്ര, മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങിലിരി മഞ്ചിതൊടി ഷംസുദ്ദീന്‍ എന്നിവരെയുമാണ് അഞ്ച് കിലോ കഞ്ചാവ് ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടെ ചെറുകോടിനടുത്ത് വച്ച് കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പിടിയിലായ സുഭദ്ര മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന നിരവധി എക്‌സൈസ്, പോലീസ് കേസുകളില്‍ പ്രതിയും ഇപ്പോള്‍ വടകര സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന “ഇരുമ്പന്‍ അസി” എന്ന ചാക്കാലക്കുന്നന്‍ അബ്ദുള്‍ അസീസിന്റെ ഭാര്യയാണ്. ഒന്നര കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയിലായ അസീസ് ജയിലിലായപ്പോള്‍ സുഭദ്രയാണ് കഞ്ചാവിന്റെ മൊത്തകച്ചവടം നിയന്ത്രിച്ചിരുന്നത്. കമ്പം, തേനി, അട്ടപ്പാടി എന്നീ സ്ഥലങ്ങളില്‍ നിന്നും കഞ്ചാവ് വന്‍തോതില്‍ സംഭരിച്ച് മണ്ണാര്‍ക്കാടുള്ള ഷംസുദ്ദീന്റെ വീട്ടില്‍ രഹസ്യമായി സൂക്ഷിച്ച് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയാണ് പതിവ്. രണ്ടാം പ്രതിയായ ഷംസുദ്ദീന്റെ ഓട്ടോറിക്ഷയിലാണ് മൊത്തകച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നത്.

sameeksha-malabarinews

ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ടാണ് പ്രതികള്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നത്. ഇക്കാര്യം മനസ്സിലാക്കിയ കാളികാവ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ട് കഞ്ചാവ് ആവശ്യപ്പെടുകയായിരുന്നു. ഒരു കിലോ കഞ്ചാവിന് പതിനയ്യായിരം രൂപയാണ് സുഭദ്ര
ആവശ്യപ്പെട്ടത്. അതിന്‍ പ്രകാരം അഞ്ച് കിലോ കഞ്ചാവ് എഴുപത്തി അയ്യായിരം രൂപക്ക് എത്തിക്കാമെന്ന് ഇവരേറ്റു. എക്‌സൈസുകാര്‍ വിരിച്ച വലയിലേക്ക് പ്രതികള്‍ വന്ന് വീഴുകയായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കാളികാവ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ 20 കിലോയോളം കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങളും വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മലയോര മേഖലയില്‍ ഈയിടെയായി കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതിനെതിരെ എക്‌സൈസ് സംഘം നിരന്തരം കേസെടുത്ത് വരികയാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും അന്യ സംസ്ഥാന തൊഴിലാളികളുമാണ് പ്രധാന ഉപഭോക്താക്കള്‍. ജില്ലയിലെ സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍ നിരീക്ഷിക്കാന്‍ എക്‌സൈസിന്റെ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്്. കഞ്ചാവ് മാഫിയക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് എക്‌സൈസ് ഡിപ്പാര്‍ട്ടമെന്റ് ഒരുങ്ങിയിരിക്കുന്നത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.മഹേഷ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.അശോകന്‍, പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജുമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശങ്കരനാരായണന്‍.എന്‍, പ്രശാന്ത്.പി.കെ, അശോക്.പി, കെ.എം.ശിവപ്രകാശ്, അരുണ്‍കുമാര്‍.കെ.എസ്., സാജിദ്.കെ.പി., സുഭാഷ്.വി, വനിത സിവില്‍ പോലീസ് ഓഫീസര്‍ നിഷ, എക്‌സൈസ് ഡ്രൈവര്‍ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!