ചെക്ക് പോസ്റ്റുകളില്‍ ഇനി നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നു

പാലക്കാട്: എക്‌സൈസ് വകുപ്പ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ഇനി നിരീക്ഷണ ക്യാമറയും സ്ഥാപിക്കും. സംസ്ഥാനത്തെ അഞ്ച് ചെക്ക് പോസ്റ്റുകളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.എക്‌സൈസ് കമ്മീഷണറായി ചുമതലേറ്റ ശേഷം പാലക്കാടെത്തിയ ഋഷിരാജ് സിംഗ് ഉദ്യോഗസ്ഥരും പൊതുജനങ്ങളുമായുള്ള സംവാദത്തിനിടെയാണ് പ്രഖ്യാപനം നടത്തിയത്.

മുത്തങ്ങ, വാളയാര്‍, ആര്യങ്കാവ്, അമരവിള, മഞ്ചേശ്വരം എന്നീ ചെക്ക് പോസ്റ്റുകളിലാണ് നിരീക്ഷണ ക്യാമറ സ്ഥാപിക്കും. സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആവശ്യമായ ബോധവത്കരണം നടത്തും. പരിശോധനകള്‍ കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

അട്ടപ്പാടിയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനായി രണ്ട് ദിവസം അവിടെ താമസിക്കാനും എക്‌സൈസ് കമ്മീഷണര്‍ തീരുമാനിച്ചിട്ടുണ്ട്. ഋഷിരാജ് സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായും സംവദിച്ചു.