പരീക്ഷാ തയ്യാറെടുപ്പ് തീന്‍മേശകള്‍ക്ക് ചൂടാറുന്നു

images (2)പരപ്പനങ്ങാടി : പരീക്ഷാകാലം വിളിപാടകലെയെത്തിയതോടെ വിവാഹ-സല്‍ക്കാര ചടങ്ങുകള്‍ക്ക് അവധിയാകുന്നു.

തിരക്കൊഴിഞ്ഞ സമയമെന്തന്നറിയാത്ത പാചക വിദഗ്ദ്ധരും കാറ്ററിംഗ് സര്‍വ്വീസുകളും വിശ്രമ നാളുകള്‍ അനുഭവിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.
പാലക്കാടന്‍ പട്ടന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന സദ്യ വട്ടങ്ങള്‍ക്കും അറേബ്യന്‍ ചൈനീസ് ഭക്ഷ്യ വൈവിധ്യ മേളകള്‍ നിറഞ്ഞു നില്‍ക്കുന്ന മലബാര്‍ ഭക്ഷ്യ മഹിമയും അവധി നാളുകളിലേക്ക് വഴി മാറുകയാണ്. കതിര്‍ മണ്ഡപങ്ങളും, നിക്കാഹ് വേദികളും, പള്ളി കല്ല്യാണങ്ങളും നിശ്ചയങ്ങളുടെ കാലദൈര്‍ഘ്യം പരീക്ഷാ നാളപ്പുറത്തേക്ക് നീട്ടി വെക്കാന്‍ തുടങ്ങിയതോടെയാണ് ആവി പറന്ന തീന്‍മേശകള്‍ ചൂടാറാന്‍ തുടങ്ങിയത്. അതേസമയം ചെറുകിട ഫാസ്റ്റ്ഫുഡ് വില്പനശാലകളിലും, കേറ്ററിംഗ് സര്‍വ്വീസുകളിലും പതിവിന് വിപരീതമായ ഉണര്‍വിന്റെ കാലമാണ്. മാംസ ഇനങ്ങള്‍ കൊണ്ട് വൈവിധ്യം തീര്‍ക്കുന്നവര്‍ ഞെണ്ട്, കരിമീന്‍, പൂഴാന്‍, മാലാന്‍, കൂന്തള്‍, നാരന്‍ തുടങ്ങി പുഴ, കടല്‍ മത്സ്യങ്ങളുടെ രുചി വൈവിധ്യങ്ങളിലേക്ക് ഈയിടെയായി വ്യാപകമായി വഴി മാറിയതും ഈ രംഗത്തെ വേറിട്ട കാഴ്ചകളാണ്. ചൂട് തുടങ്ങുകയും ഭൂ ജലനിരപ്പ് താഴ്ന്നു തുടങ്ങുകയും ചെയ്തതോടെ അപൂര്‍വ്വമെങ്കിലും നിലവിലുള്ള കുളങ്ങളിലും കായലുകളിലും നായാട്ട് നടത്തി വേട്ടയാടപ്പെടുന്ന ചെളിപുരണ്ട ഉള്‍നാടന്‍ മത്സ്യങ്ങളുടെ സ്വാദറിയാനും മലയാളി മനം നുണയുണ്ണാന്‍ തുടങ്ങിയിട്ടുണ്ട്.
അജ്‌നാമോട്ടോ, ചൈനീസ്ഗ്രാസ്, റ്റൊമോട്ടോ, ചില്ലി, സൊയാബീന്‍ സോസുകളും ചേരുവകളായി മാറുന്ന ഭക്ഷ്യ കൂട്ടുകളുടെ രുചി സ്വാദുകള്‍ക്ക് പരീക്ഷാക്കാലം അവധി പ്രഖ്യാപിച്ചത് കാറ്ററിംഗ് മേഖലയിലെ ആയിരകണക്കിന് തൊഴിലാളികള്‍ക്ക് വയറ്റത്തടിയായതായി ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ പണി കുറഞ്ഞ സീസണിനെ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും കാലമാക്കാന്‍ പണ്ടാരി ഗ്രൂപ്പുകള്‍ വിനോദ – വിദേശ യാത്രകളുടെ തിരക്കിലാണ്.

ഒരു മാസം നീണ്ടു നിന്ന നബിദിന ആഘോഷമാണ് മലബാറില്‍ പാചക സംഘങ്ങള്‍ക്ക് ഏറ്റവും അവസാനമായി കൊയ്ത്തു പകര്‍ന്നത്. മുസ്ലീം പെണ്‍കുട്ടികളുടെ പ്രായം പതിനെട്ടായി നിജപ്പെടുത്തിയതിലുണ്ടായ നിഷ്‌കര്‍ഷത ഇടക്കാലത്ത് അപ്രതീക്ഷിതമായ ക്ഷീണം സമ്മാനിച്ചിരുന്നുവെങ്കിലും നബിദിനം ഒരു ആചാരം എന്നതിലുപരി ഒരാഘോഷമായി മാറിയതിനാല്‍ ക്ഷീണമറിഞ്ഞില്ലെന്ന് പാചക സംഘങ്ങള്‍ പറഞ്ഞു.

ബിരിയാണി, ഫ്രൈയ്ഡ് റൈസ്, നെയ്‌ച്ചോര്‍, മന്ധിചോറ,് കപ്‌സ, പുലാവ്, കബാബ്, മജ്ബൂസി, സഫാരി, സാധാ, തേങ്ങാചോറ്, തുടങ്ങി പ്രധാന ഭക്ഷണമായി തന്നെ വിവിധ അരി അന്നങ്ങള്‍ക്ക് വകവും വര്‍ണ്ണവും വിരിയുന്ന തീന്‍ മേശകളിലെ അനുബന്ധ കൂട്ടുകളുടെ ഇനവും പേരും വര്‍ഗ്ഗവും, എണ്ണവും വണ്ണവും പാചക വിദഗ്ദ്ധരുടെ ചിന്താശക്തിയോളം നീളുകയാണ്. ഭക്ഷണം ഏതെന്ന തെരഞ്ഞെടുപ്പ് ബോധം കുടുംബ ചടങ്ങുകളുടെ സാഹസിക ഇനമായതിനാല്‍ തന്നെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കിടയാക്കുന്ന ഈ രംഗം പരീക്ഷ കാലങ്ങള്‍ക്ക് ശേഷം മതിയെന്ന പൊതു തീരുമാനത്തിലാണ് കുടുംബാംഗങ്ങളൊക്കെയും.

തലശ്ശേരി, കോഴിക്കോട്, പരപ്പനങ്ങാടി, എന്നിങ്ങനെ ഭക്ഷണ പെരുമയുടെ കേളിയില്‍ പ്രസിദ്ധമായ നാടുകളുടെ പേരുകള്‍ മലബാറിന് രുചിയൂറും ഓര്‍മ്മകളാണ്.
ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ അഞ്ചപ്പുരയെന്ന ഗ്രാമം കേരളത്തിന്റെ അന്നപ്പുരയായി മാറിയിട്ട് വര്‍ഷങ്ങളുടെ പഴക്കമായി. നൂറിലേറെ പാചക തൊഴിലാളികളാണ് ഇവിടത്തെ വിവിധ കാറ്ററിംഗ് സര്‍വ്വീസുകള്‍ക്ക് കീഴില്‍ ചട്ടകമിളക്കുന്നത്.

പരീക്ഷാക്കാലം അവധികാലമാണെങ്കിലും അതിനുശേഷം വരാനിരിക്കുന്ന വിവാഹങ്ങളുടെയും സല്‍ക്കാരങ്ങളുടെയും മലവെള്ള പാച്ചില്‍ പ്രതീക്ഷയുടേതാണ്. പട്ടിണിയുടെ കാലമായി കാണേണ്ട റമദാന്‍ വിഭവ വൈവിധ്യങ്ങളുടെ വിശ്രമമറിയാത്ത വിയര്‍പ്പുകാലം കൂടിയാണിവര്‍ക്ക്.