ഈസിലി… ഇംഗ്ലണ്ട്

മോസ്‌കോ:  28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വീഡന്റെ പ്രതിരോധകോട്ട കടന്ന് ഇംഗ്ലീഷുകാര്‍ ലോകകപ്പ് സെമി ഫൈനലില്‍. ഇതോടെ ഫുട്‌ബോള്‍ ജന്മമെടുത്ത രാജ്യത്തിന് ലോകകപ്പ് മുത്തമിടാനുള്ള ദൂരം രണ്ട് വിജയത്തിന്റേതു മാത്രം. ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പിന്റെ അവസാന നാലുടീമുകളിലൊന്നായത്

കളിയുടെ തുടക്കത്തില്‍ സ്വീഡന്‍ നേരിയ മുന്‍തൂക്കം നേടിയെങ്ങിലും ഇംഗ്ലീഷ് പട പതുക്ക കളിപിടിച്ചു. പതിനെട്ടാം മിനുറ്റില്‍ ഇംഗ്ലീഷ് നായകന്‍ ഹാരികെയനിന്റെ ഒരു സൂപ്പര്‍ ഷോട്ട് പോസ്റ്റിന് വളരെയരികത്തുകൂടി പുറത്തേക്ക് പോയി. 30ാം മിനിറ്റില്‍ ആഷ്‌ലി യങ്ങിന്റെ കോര്‍ണറില്‍ തലവെച്ച ഹാരി മഗ്വൂറിന് പിഴച്ചില്ല. ആ മനോഹരമായ ഗോള്‍ നോക്കിനില്‍ക്കാനെ സ്വീഡിഷ് ഗോള്‍കീപ്പര്‍ റോബി ഓള്‍സന് കഴിഞ്ഞൊള്ളു.

രണ്ടാംപകുതിയില്‍ ഒരു ഗോള്‍ ലീഡില്‍ കടിച്ചുതൂങ്ങാതെ ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് 58ാംമിനുറ്റില്‍ വീണ്ടും ലീഡ് നേടി. ഇത്തവണയും ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. ഡെല്ലി അലിയായിരുന്നു ഇത്തവണ വലകുലിക്കിയത്. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്ങിലും നല്ലൊരു ഫിനിഷറില്ലാത്തത് സ്വീഡന് വിലങ്ങുതടിയായി. അവസാന വിസില്‍ മുഴങ്ങുന്നതിന് മുമ്പുതന്നെ സ്വീഡന്‍ പരാജയം സമ്മതിച്ചിരുന്നു.

കൊളംബിയക്കെതിരെ ഇറങ്ങിയ അതേ ലൈനപ്പിലാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്.
അവസാന ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയ ക്രൊയേഷ്യയെയാണ് ഇംഗ്ലണ്ട് സെമിയില്‍ നേരിടേണ്ടത്.

Related Articles