ഇന്ത്യ ഊര്‍ജ സ്രോതസുകളുടെ കലവറ

ദോഹ: ഉപഭോക്തൃരാജ്യമെന്ന നിലയില്‍ ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സ്വതന്ത്ര ചുമതലയുള്ള മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരുടെ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹത്തിന് ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാവിയില്‍ ഇന്ത്യയായിരിക്കും ലോകത്തിന്റെ സിരാകേന്ദ്രം. വിവരം അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണ്. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ പല മേഖലയിലും അവരുടെ കഴിവും അധ്വാനവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കാരുടെ കഴിവിന്റെ വളരെ കുറച്ച് ശതമാനം നാട്ടില്‍ തന്നെ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ലോകത്തെ നയിക്കുന്ന രാജ്യമായി ഇന്ത്യ മാറുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഏഴ് പതിറ്റാണ്ടാവാറായിട്ടും അതിനുവേണ്ടി ഭരണകര്‍ത്താക്കള്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

26 തരം ഊര്‍ജ സ്രോതസുകളാണ് ഭൂമിയില്‍ ഉള്ളത്. അതില്‍ 11 എണ്ണം മാത്രമാണ് നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ബാക്കി 15 സ്രോതസുകളുടെ കലവറയാണ് ഇന്ത്യ. അത് ഉത്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ മറ്റ് ഊര്‍ജത്തിന്റെ ഇറക്കുമതി ഒഴിവാക്കാനും ആവശ്യം കഴിഞ്ഞുള്ളത് കയറ്റുമതി ചെയ്യാനും ഇന്ത്യക്കാകുമെന്നും മന്ത്രി സൂചിപ്പിച്ചു.

ചൈനയേയും ഇന്ത്യയേയുമാണ് ഭാവിയുള്ള രാജ്യങ്ങളായി ലോകം കാണുന്നത്. അതില്‍ തന്നെ വളര്‍ച്ച കൂടുതലും ഊര്‍ജത്തിന്റെ ഉപയോഗം കുറവും ഉള്ള രാജ്യമാണ് ഇന്ത്യ. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 41 രാഷ്ട്രത്തലവന്മാര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെ ക്ഷണം സ്വീകരിച്ച് ആ രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കടമയാണെന്നും അത്തരം സന്ദര്‍ശനങ്ങളില്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് കെ ആര്‍ ഗിരീഷ് കുമാര്‍, ഐ സി ബി എഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീല്‍, ഐ ബി പി എന്‍ ജനറല്‍ സെക്രട്ടറി യാസര്‍ നൈന എന്നിവര്‍ പങ്കെടുത്തു