ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്

പാരീസ് :ഇമ്മാനുവല്‍ മാക്രോണ്‍ (39) ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് വലതുപക്ഷത്തിന്റെയും സമ്പന്നതയുടെയും പ്രതീകമായ മാക്രോണ്‍ ഫാസിസ്റ്റ് കക്ഷിയായ നാഷണല്‍ ഫ്രണ്ടിന്റെ മാരിന്‍ലെ പെന്നിനെയാണ് പരാജയപ്പെടുത്തിയത്.

ഏപ്രില്‍ 23നു നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കാതെ വന്നതോടെയാണ് മുന്നിലെത്തിയ രണ്ടു സ്ഥാനാര്‍ഥികള്‍ രണ്ടാം ഘട്ടത്തില്‍ മത്സരിച്ചത്. ഫ്രാന്‍സ് തുടര്‍ച്ചയായി ഭരിച്ച യാഥാസ്ഥിതിക കക്ഷിയായ റിപ്പബ്ളിക്കന്‍ പാര്‍ടിയും ഇടതുജനാധിപത്യ കക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ടിയും ആദ്യ റൌണ്ടില്‍തന്നെ പുറത്തായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ശിഥിലമാക്കണമെന്ന നിലപാടാണ് ലെ പെന്‍ സ്വീകരിച്ചത്. ലെ പെന്നിന്റെ നിലപാടുകളെ ചെറുക്കുന്നതിന്റെ ഭാഗമായി സോഷ്യലിസ്റ്റ് പാര്‍ടിയും റിപ്പബ്ളിക്കന്‍ പാര്‍ടിയും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടിയും മാക്രോണിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.