ആനക്കും കുളമ്പുരോഗം

download (1)തൃശ്ശൂര്‍ : കുട്ടിക്കൊമ്പന് കുളമ്പ് രോഗ ലക്ഷണം. തൃശൂര്‍ തോളൂര്‍ പഞ്ചായത്തില്‍ ചിറക്കല്‍ ദേവസ്വത്തിന്റെ പരമേശ്വരന്‍ എന്ന കുട്ടിയാനക്കാണ് കുളമ്പു രോഗ ലക്ഷണം കണ്ടത്. വായിലും കാല്‍പ്പാദത്തിലും തുമ്പിക്കുള്ളിലും വ്രണങ്ങളും പഴുപ്പുമുണ്ട്. പതിനഞ്ചു വയസ്സുള്ള കുട്ടിക്കൊമ്പന്‍ തീറ്റയെടുക്കലും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് കുളമ്പുരോഗം ബാധിച്ച ആനകള്‍ രണ്ടായി. നേരത്തേ നീണ്ടുരില്‍ ഒരാനക്ക് കുളമ്പുരോഗം സ്ഥിരീകരിച്ചിരുന്നു. തൃശൂരില്‍ നിന്ന് വാങ്ങിക്കൊണ്ടു പോയ ഈ ആന ചികില്‍സക്കു ശേഷം സുഖം പ്രാപിച്ചു.

വിവരമറിഞ്ഞ് മൃഗസംരക്ഷണ ഉദേ്യാഗസ്ഥരും വെറ്റിനറി കോളേജ് അധികൃതരും സ്ഥലത്തെത്തി. വെറ്റിനറി കോളേജിലെ ഡോ. പി രാജീവ് ചികില്‍സ ആരംഭിച്ചു. ആന്റിബയോട്ടിക്കുകളും വേദനക്ക് പുരട്ടാനുള്ള മരുന്നുമാണ് കൊടുക്കുന്നത്. രോഗസ്ഥിരീകരണ പരിശോധനക്ക് സിറവും സാമ്പിളുകളും പാലോട് വെറ്റിനറി ലാബിലേക്കയച്ചു. ചികില്‍സയിലൂടെ രോഗം ഭേദമാക്കാമെന്ന് മൃഗസംരക്ഷണ വകുപ്പധികൃതര്‍ പറഞ്ഞു. ചിറക്കല്‍ പരസരത്ത് കന്നുകാലികളില്‍ കുളമ്പു രോഗം വ്യാപകമാണ്.

തൃശൂര്‍ മൃഗശാലയില്‍ രണ്ടു പന്നിമാനുകളും ഒരു മ്ലാവും കുളമ്പു രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തിട്ടുണ്ട്. ജില്ലയില്‍ എഴുന്നൂറോളം കന്നുകാലികള്‍ ചത്തതിനു പുറമെയാണിത്.