സൗരോര്‍ജ്ജമുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും  ഉത്പാദിപ്പിക്കും ;മന്ത്രി എം.എം. മണി

സൗരോര്‍ജ്ജമുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കാന്‍ സംവിധാനമൊരുക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതമന്ത്രി എം.എം. മണി പറഞ്ഞു. അനര്‍ട്ടിന്റെ നേതൃത്വത്തില്‍ അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ സെന്‍സെസിന്റെയും സൗരവീഥി മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരു ന്നു അദ്ദേഹം.
വൈദ്യുതി ഉത്പാദനരംഗത്ത് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ജല വൈദ്യുത പദ്ധതികളുമായി അധികംനാള്‍ മുന്നോട്ടുപോകാനാകില്ല. പുതിയ വന്‍കിട പദ്ധതികളെപ്പറ്റി ചിന്തിക്കുമ്പോള്‍ സാങ്കേതികമായും പാരിസ്ഥിതികമായും പ്രശ്‌നങ്ങള്‍ വരും. അതുകൊണ്ടാണ് പാരമ്പര്യേതര ഊര്‍ജ മാര്‍ഗമായ സോളാര്‍ പ്രോത്‌സാഹിപ്പിക്കുന്നത്. ഉത്പാദനശേഷി ചുരുങ്ങിയത് 500 മെഗാവാട്ടെങ്കിലും ആക്കാന്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, വീടുകള്‍ തുടങ്ങിയവ കൂടി സൗരോര്‍ജ പദ്ധതികളില്‍ ഉപയോഗപ്പെടുത്തും.
സാങ്കേതികവിദ്യാരംഗത്തെ വലിയ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ സെന്‍സെസ് നടത്തുന്നത്. ഇതിന്റെ ഭാഗമായ ‘സൗരവീഥി’ മൊബൈല്‍ ആപ്പ് വഴിയും ഉപയോഗിക്കുന്ന സൗരോര്‍ജ ഉപകരണങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച അനര്‍ട്ട് വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ധരേശന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. അനര്‍ട്ട് ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, കേപ്പ് ഡയറക്ടര്‍ ഡോ. ആര്‍. ശശികുമാര്‍, അനര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ പി. ജയചന്ദ്രന്‍ നായര്‍, വൈദ്യുതി ബോര്‍ഡ് പി.ആര്‍.ഒ ജെ.എം. സിയാദ്, എം.ജി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അനര്‍ട്ട് മുഖേനയും അല്ലാതെയും സ്ഥാപിച്ച അക്ഷയോര്‍ജ ഉപകരണങ്ങളുടെ വിവരശേഖരണത്തിന്റെയും ഇവയുടെ കൃത്യമായ പരിപാലനത്തിനുമാണ് സെന്‍സസ് നടത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം വരെ സ്ഥാപിച്ച അക്ഷയോര്‍ജ ഉപകരണങ്ങളുടെ വിവരങ്ങളാണ് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സ് അനര്‍ട്ട് നല്‍കും. ഊര്‍ജമിത്ര അക്ഷയോര്‍ജ സേവനകേന്ദ്രത്തിലെ ടെക്‌നീഷ്യന്‍മാര്‍ ഒരു തവണ സന്ദര്‍ശിച്ച് ആവശ്യമെങ്കില്‍ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കും. അനര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.