ബഹറൈനില്‍ വൈദ്യുതി ബില്‍ അടച്ച് തട്ടിപ്പ്; തട്ടിപ്പിന് പിറകില്‍ മലയാളികള്‍ ഉള്‍പ്പെട്ട സംഘം

മനാമ: വ്യാപാരികളെ ലക്ഷ്യമിട്ട് ബഹ്‌റൈനില്‍ വൈദ്യുതി ബില്ലിന്റെ പേരില്‍ തട്ടിപ്പ് സംഘം. മാസം വലിയ തുക വൈദ്യുതി ബില്‍ ഇനത്തില്‍ അടയ്ക്കുന്നവരെ സമീപിക്കുകയും തങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് വഴി പണമടച്ച് 10 ശതമാനം വരെ ഇളവ് വാങ്ങിത്തരാമെന്ന് പറയുകയുമാണ് ഇവരുടെ രീതി. ഇത്തരത്തില്‍ രണ്ട് മൂന്ന് തവണത്തെ ബില്‍ അടച്ച് സ്ഥാപനത്തിന്റെ ഉടമകളുടെ വിശ്വാസം ഇവര്‍ നേടിയെടുക്കുന്നു. തുടര്‍ന്ന് തട്ടിപ്പ് നടത്തുകയാണ് ചെയ്യുന്നത്.

ബില്‍തുക അടച്ച ശേഷമാണ് ഇവര്‍ ഷോപ്പുടമകളില്‍ നിന്നും പണം വാങ്ങുന്നത്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തങ്ങളുടെ വൈദ്യുതി എക്കൗണ്ട് പരിശോധിക്കുന്ന അവസരത്തില്‍ മാത്രമാണ് അടക്കാനുള്ള പണം അതുപോലെ തന്നെ നില്‍ക്കുന്നത് കാണുന്നത്. ഇത്തരത്തില്‍ 5,000 ത്തോളം ദിനാര്‍ നഷ്ടപ്പെട്ടവര്‍ വരെയുണ്ട്. സമാനമായ രീതിയില്‍ സംഘം മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ തട്ടിപ്പിനിരയാക്കിയതായാണ് റിപ്പോര്‍ട്ട്.

അതെസമയം തട്ടിപ്പ് നടത്തി വിലസുന്ന ഈ സംഘത്തില്‍ മലയാളികള്‍ ഉള്ളതായി തട്ടിപ്പിനിരയായവര്‍ പറഞ്ഞു. പണം അടച്ച ശേഷം ഔട്ട്സ്റ്റാന്റിങ് തുക കാണിക്കുന്നുവെന്ന വിവരം പറയുന്നതോടെ ഫോണ്‍ എടുക്കാതെ മുങ്ങിനടക്കുന്നതാണ് ഇവരുടെ രീതി. തട്ടിപ്പ് വിവരം വൈദ്യുതി ജല വകുപ്പ് വിഭാഗത്തെ അറിയിക്കാനുള്ള ശ്രമത്തിലാണ് തട്ടിപ്പിനിരയായവര്‍.