തെറ്റായി വിവരം വോട്ടര്‍പട്ടികയില്‍ നല്‍കിയാല്‍ ജയില്‍ ശിക്ഷ

downloadദില്ലി: വോട്ടര്‍മാര്‍ തെറ്റായ വിവരം നല്‍കിയാല്‍ അവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ. കൂടാതെ വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടിക സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം . അതേ സമയം ഇതു സംബന്ധിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ നിയമം അടുത്ത വര്‍ഷം മുതല്‍ പ്രാബല്ല്യത്തില്‍ വരും. 2 സ്ഥലങ്ങളില്‍ നിന്നായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2014 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ തെറ്റായ വിവരം നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം കഠിന തടവാണ് ലഭിക്കുക. സത്യസന്ധമായ വിവരങ്ങള്‍ നല്‍കുക എന്നത് ഓരോ വോട്ടര്‍മാരുടെയും ബാധ്യതയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടി കാണിക്കുന്നു. തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ സത്യമായാല്‍ പിന്നീട് അവര്‍ക്ക് ഇത് പരിശോധിക്കേണ്ടി വരില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് തെറ്റായി വിവരങ്ങള്‍ നല്‍കരുതെന്ന് വോട്ടര്‍മാരോട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.