ആറു തദ്ദേശ ഭരണ മണ്‌ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്‌: കരട്‌ വോട്ടര്‍പട്ടിക ഏഴിന്‌ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: അംഗങ്ങളുടെ രാജിയോ മരണമോ കാരണം വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഉണ്ടായിട്ടുളള ആറു ആകസ്‌മിക ഒഴിവുകളിലേക്ക്‌ ഉപതിരഞ്ഞെടുപ്പ്‌ നടത്തുന്നതിന്‍െറ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കുന്നതിന്‌ സംസ്ഥാന തിഞ്ഞെടുപ്പ്‌ കമ്മീഷന്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കിഴുവിലം, ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കാല്‍വരിമൗണ്ട്‌, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിലെ കൈപ്പമംഗലം, കോഴിക്കോട്‌ കോര്‍പ്പറേഷനിലെ അരീക്കാട്‌, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിലെ തിരുനെല്ലി, കാസര്‍ഗോഡ്‌ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിറ്റി എന്നിവിടങ്ങളിലാണ്‌ വോട്ടര്‍ പട്ടിക പുതുക്കുന്നത്‌. ജൂലൈ ഏഴിന്‌ കരടും ആഗസ്റ്റ്‌ ആറിന്‌ അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കാനാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ബന്ധപ്പെട്ട ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുളളത്‌. ജൂലൈ 23 വരെ കരട്‌ വോട്ടര്‍പട്ടിക സംബന്ധിച്ച്‌ അവകാശവാദങ്ങളും അക്ഷേപങ്ങളും സമര്‍പ്പിക്കാവുന്നതാണ്‌.