മൂന്ന് ബൂത്തുകളില്‍ റീപോളിങ്ങ് തുടങ്ങി

elections_b_2_2_2013തിരു : എറണാകുളം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലെ മൂന്ന് ബൂത്തുകളില്‍ റീപോളിങ്ങ് ആരംഭിച്ചു. വൈകീട്ട് ആറ് മണി വരെയാണ് റീപോളിങ്ങ് നടത്തുന്നത്. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ 118 ാം നമ്പര്‍ ബൂത്തിലാണ് റിപോളിങ്ങ് ഇന്ന് നടക്കുന്നത്.1,172 വോട്ടര്‍മാരാണ് ഇവിടെ ആകെയുള്ളത്. ഏപ്രില്‍ 10 ന് നടന്ന വോട്ടെടുപ്പില്‍ 73.4 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അനിതാ പ്രതാപിന്റെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിടെ റിപോളിങ്ങ് പ്രഖ്യാപിച്ചത്.

ആലത്തൂര്‍ മണ്ഡലത്തിലെ പര്‍ലിക്കാട് പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ റീപോളിങ്ങ് ആരംഭിച്ചിട്ടുണ്ട്. പര്‍ലിക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1240 വോട്ടര്‍മാരാണ് ഈ ബൂത്തിലുള്ളത്. ഏപ്രില്‍ പത്താം തിയ്യതി നടന്ന പോളിങ്ങില്‍ വോട്ടിങ്ങ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് റിപോളിങ്ങ് പ്രഖ്യാപിക്കുകയായിരുന്നു.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരുവമ്പാടിയില്‍ 24 ാം നമ്പര്‍ ബൂത്തില്‍ റീപോളിങ്ങ് തുടങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് റീപോളിങ്ങ് നടത്തുന്നത്.