സര്‍വേകളില്‍ ഇടതിന്‌ നേരിയ മേല്‍ക്കൈ: സുരക്ഷിത മണ്ഡലം തേടി നേതാക്കള്‍


mallabairnews political newsതിരു: സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നിലയില്‍ നടത്തിയ സര്‍വേകളില്‍ ഇടതിന്‌ മുന്‍കൈയെന്ന്‌ സൂചന. കോണ്‍ഗ്രസ്സും, ലീഗും, സിപിഐ(എം) ഉം വെവ്വേറെ സര്‍വേകള്‍ നടത്തിയിരുന്നു. മുസ്ലിം ലീഗ്‌ സര്‍വേയില്‍ തങ്ങളുടെ എം.എല്‍.എ. മാരുടെ പ്രകടനം വിലയിരുത്തുന്നതും ലക്ഷ്യമിട്ടിരുന്നു. ഇവയുടെ അന്തിമ റിപ്പോര്‍ട്ടുകള്‍ വരുന്നേയുള്ളു. പല എംഎല്‍എ മാരും സ്വന്തം നിലയറിയാന്‍ മണ്ഡലങ്ങളില്‍ പ്രൊഫൈല്‍ ഏജന്‍സികളെ വച്ചും സര്‍വേ നടത്തിയിരുന്നു.

ബി.ജെ.പി സ്വന്തം നിലയില്‍ നടത്തിയ സര്‍വേ അവര്‍ക്ക്‌ 3 മുതല്‍ 5 വരെ സീറ്റുകള്‍ പ്രവചിക്കുന്നു. എട്ടോളം സീറ്റുകളില്‍ രണ്ടാം സ്ഥാനവും. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ ഇന്നലെ അമിത്‌ ഷായുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച്‌ തീരുമാനങ്ങള്‍ കൈക്കൊണ്ടതും. എല്‍.ഡി.എഫ്‌. ഭരണം പിടിക്കുമെന്നാണ്‌ ബിജെപി സര്‍വേയുടെ ഉള്ളടക്കം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‌ മുന്‍പായി സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ ആന്റ്‌ കണ്‍സള്‍ട്ടന്‍സി (സി.ആര്‍.സി.) നടത്തിയ സര്‍വ്വേയില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ നേട്ടമുണ്ടാക്കുമെന്നും നിയമസഭ 100ന്‌ മേല്‍ സീറ്റുകളോടെ നേടുമെന്നന്നും പ്രവചിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച സര്‍വ്വേ ഫലം ഏറെക്കുറെ ശരിയായി വരികയും ചെയ്‌തു. ടിവി ന്യൂ ചാനലിനായാണ്‌ സി.ആര്‍.സി. സര്‍വേ നടത്തിയത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ മുന്‍പായി നടത്തിയ സര്‍വ്വേയില്‍ യൂ.ഡി.എഫിനാണ്‌ നേരിയ മുന്‍തൂക്കം ഇരു തെരഞ്ഞെടുപ്പിലും നല്‍കിയത്‌. എന്നാല്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ നിഗമനം തെറ്റി.

സംസ്ഥാനത്ത്‌ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിഗമനവും നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ഇടതിന്‌ അനുകൂലമെന്നത്രെ. പക്ഷെ നേരിയ വ്യത്യാസം മാത്രം. ഇന്റലിജന്‍സ്‌ സര്‍ക്കാരിന്‌ നല്‍കിയ കണക്കൂകൂട്ടലുകളുടെ പശ്ചാത്തലത്തില്‍ പലരും സീറ്റ്‌ മാറാനുള്ള തയ്യാറെടുപ്പിലുമാണ്‌. കൂടുതല്‍ സുരക്ഷിത മണ്ഡലം തേടിയാണ്‌ നേതാക്കള്‍ പരക്കം പായുന്നത്‌.