തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധികരിച്ചു

നാമനിര്‍ദേശങ്ങളില്ലാതെ ആദ്യ ദിവസം

മലപ്പുറം: ജനപ്രാതിനിധ്യ നിയമത്തിന്റെ 14 ാം വകുപ്പ് പ്രകാരം ഗസറ്റ് ഓഫ് ഇന്ത്യയില്‍ പ്രസിഡന്റിന്റെ വിജ്ഞാപനം ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ജില്ലാ വരണാധികാരിയായ ജില്ലാ കലക്റ്റര്‍ കെ. ബിജു ഫോം ഒന്നില്‍ കലക്റ്ററേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമായി.

മലപ്പുറം (06) ജനറല്‍ നിയോജക മണ്ഡലത്തിലും പൊന്നാനി (07) ജനറല്‍ മണ്ഡലത്തിലും മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക മാര്‍ച്ച് 16 ഒഴികെയുള്ള 15 നും 22 നുമിടയിലുള്ള തീയതികളില്‍ റിട്ടേണിങ് ഓഫിസറായ ജില്ലാ കലക്റ്റര്‍ക്കോ അതത് അസി. റിട്ടേണിങ് ഓഫീസര്‍മാര്‍ക്കോ നല്‍കാമെന്ന് വിജ്ഞാപനത്തിലുണ്ട്. മലപ്പുറത്ത് ഡെപ്യൂട്ടി കലക്റ്റര്‍ (ലാന്‍ഡ് റവന്യൂ) പൊന്നാനിയില്‍ ഡെപ്യൂട്ടി കലക്റ്റര്‍ (ലാന്‍ഡ് അക്വിസിഷന്‍) എന്നിവരാണ് അസി. റിട്ടേണിങ് ഓഫിസര്‍മാര്‍. സ്ഥാനാര്‍ഥിക്കോ നാമനിര്‍ദേശം ചെയ്യുന്നയാള്‍ക്കോ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. 24 ന് രാവിലെ 11 ന് കലക്റ്ററേറ്റില്‍ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അപേക്ഷ 26 ന് വൈകീട്ട് മൂന്നിനകം നല്‍കണം. വോട്ടെടുപ്പ് ഏപ്രില്‍ 10 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ നടക്കും. ഇത്രയും വിവരങ്ങളടങ്ങിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വിജ്ഞാപനം പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് അഞ്ചിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഓരോ സംസ്ഥാനങ്ങളുടേയും കാലാവസ്ഥ, സ്‌കൂള്‍ അവധി, പ്രധാനപ്പെട്ട ആഘോഷങ്ങള്‍, പരീക്ഷകള്‍, കേന്ദ്ര സായുധ സേനയെ നിയോഗിക്കുന്നതിനുള്ള സൗകര്യം എന്നിവ കണക്കിലെടുത്താണ് വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക.