പാലക്കാട്‌ ബിജെപി സ്ഥാനാര്‍ത്ഥി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

പാലക്കാട്‌: പാലക്കാട്‌ പുതശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുശ്ശേരി പഞ്ചായത്തിലെ എട്ടാം വര്‍ഡ്‌ സ്ഥാനാര്‍ത്ഥി ഷണ്‍മുഖന്‍ ചെട്ടിയാരെയാണ്‌ ഇന്ന്‌ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വാളയാര്‍ ചെക്ക്‌പോസ്‌റ്റിന്‌ സമീപത്തുള്ള ചന്ദ്രാപുരത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ബിജെപി പറഞ്ഞു. മത്സരത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട്‌ സിപിഐഎം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ബിജെപി ആരോപിച്ചു. ക്രൈബ്രാഞ്ച്‌ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപിയുടെ ആരോപണം സിപിഐഎം നിഷേധിച്ചു. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നേട്ടത്തിനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ സിപിഐഎം നേതാക്കള്‍ വ്യക്തമാക്കി.

ഷണ്‍മുഖന്‍ ചെട്ടിയാരുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കി. ഈ വാര്‍ഡിലെ തിരഞ്ഞെടുപ്പ്‌ മാറ്റി വെയ്‌ക്കുന്നതിന്‌ ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി.