വന്ധ്യംകരണ ശസ്‌ത്ര ക്രിയക്ക്‌ വിധേയരായ 8 സ്‌ത്രീകള്‍ മരിച്ചു

Untitled-1 copyബിലാസ്‌പൂര്‍: ഛത്തീസ്‌ഖഡിലെ ടകാത്‌പൂര്‍, ബിലാസ്‌പൂര്‍ എന്നിവിടങ്ങളില്‍ നടന്ന വന്ധ്യംകരണ ക്യാമ്പില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയരായ 8 സ്‌ത്രീകള്‍ മരിച്ചു 15 പേരുടെ നില അതീവ ഗുരുതരം. സര്‍ക്കാരിന്റെ ആരോഗ്യക്യാമ്പില്‍ വെച്ചാണ്‌ ശസ്‌തക്രിയകള്‍ നടന്നത്‌. ക്യാമ്പില്‍ നിന്നും ഗുരുതരാവസ്ഥയിലായ ജാനകി (30) എന്ന സ്‌ത്രീയെയാണ്‌ ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇവരുടെ നില ഗുരുതരമായതിനെ തുടര്‍ന്ന്‌ ഇവരെ ബിലാസ്‌പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരമായപ്പോഴേക്കും 5 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയായപ്പോഴേക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 30 കവിഞ്ഞു.

സംഭവത്തില്‍ ആരോഗ്യവകുപ്പ്‌ അനേ്വഷണത്തിന്‌ ഉത്തരവിട്ടു. ചികില്‍സക്കിടെ ഉണ്ടായ അനാസ്ഥമൂലമാണ്‌ അപകടം സംഭവിച്ചതെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ നയപ്രകാരം മരിച്ചവരുടെ കുടുംബത്തിന്‌ രണ്ട്‌ ലക്ഷം രൂപാ വീതം നഷ്‌ടപരിഹാരം നല്‍കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനുശേഷം മാത്രമേ മരണകാരണത്തെ കുറിച്ച്‌ സ്ഥിരീകരണം നടത്താന്‍ കഴിയുകയൊള്ളൂവെന്ന്‌ ആരോഗ്യ വിഭാഗം തലവന്‍ അറിയിച്ചു.

കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി ശനിയാഴ്‌ചയാണ്‌ സ്‌ത്രീകളെ ശസ്‌ത്രക്രിയക്ക്‌ വിധേയരാക്കിയത്‌. തിങ്കളാഴ്‌ച വൈകീട്ടോടെ പലര്‍ക്കും ശാരീരികമായ കടുത്ത പനി അനുഭവപ്പെടുകയും വൈകീട്ടോടെ 8 പേര്‍ മരിക്കുകയുമായിരുന്നു. ക്യാമ്പില്‍ 80 സ്‌ത്രീകളാണ്‌ പങ്കെടുത്തത്‌. ബിലാസ്‌പൂരിലെ നേമിചന്ദ്‌ ആശുപത്രിയില്‍ 5 മണിക്കൂറായിരുന്നു ശസ്‌ത്രക്രിയ. ഒരു ദിവസം തന്നെ ഒട്ടേറെ ശസ്‌ത്രക്രിയകള്‍ ഒരുമിച്ച്‌ നടത്തിയതാണ്‌ മരണത്തിനിടയാക്കിയതെന്നും മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോഗ്യവകുപ്പ്‌ അധികൃതര്‍ ആരോപണം പാടെ നിഷേധിച്ചു.