ഈജിപ്റ്റില്‍ ബ്രദര്‍ഹുഡ് നേതാവ് ഉള്‍പ്പെടെ 683 മുര്‍സി അനുകൂലികള്‍ക്ക് വധശിക്ഷ വിധിച്ചു

egypt_badieകൊയ്‌റോ: ഈജിപ്റ്റില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് ബാദിയടക്കം 683 പേര്‍ക്ക് വധശിക്ഷ വിധിച്ചു. കൂട്ട വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞവര്‍ഷം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ കേസിലാണ് പ്രതേ്യക സൈനിക കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും, ആക്രമണത്തിനും പ്രേരണ നല്‍കി എന്നതാണ് മുഹമ്മദ് ബാദിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

പ്രതികള്‍ക്ക് വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. കഴിഞ്ഞ മാര്‍ച്ചില്‍ വധശിക്ഷ വിധിച്ച 529 പേരില്‍ 492 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന വിഭാഗമാണ് മുസ്ലീം ബ്രദര്‍ഹുഡ്. ബ്രദര്‍ഹുഡിനെ അടുത്തിടെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഈജിപ്റ്റ് സൈന്യം പുറത്താക്കിയതിന് ശേഷം മുഹമ്മദ് ബാദിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.