ജിഷ്ണു പ്രണോയുടെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു.

മലപ്പുറം: പാമ്പാടി നെഹ്റുകോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത ജിഷ്ണു പ്രണോയുടെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്  സന്ദര്‍ശിച്ചു. അമ്മയേയും അച്ഛനേയും കുടുംബാംഗങ്ങളോയും മന്ത്രി ആശ്വസിപ്പിച്ചു. രാവിലെ ഏഴരയോടെയാണ് മന്ത്രി വീട്ടിലെത്തിയത്.

കോളജുകളില്‍ ഇടിമുറികള്‍ അനുവദിക്കില്ലെന്നും സ്വാശ്രയ കോളജുകള്‍ നിലയ്ക്കുനിന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടാകണം. അല്ലാതെ വന്നാല്‍ സര്‍ക്കാരും ജനാധിപത്യ സമൂഹവും ഇടപെടും. സ്വാശ്രയ സ്ഥാപനങ്ങള്‍ സര്‍ക്കാരിനും മീതെ പറക്കുന്നുണ്ടെങ്കില്‍ അതു സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജിഷ്ണുവിന്റെ മരണമുണ്ടായ ഉടനെ സര്‍വകലാശാലയോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും നടത്തിയ പ്രാഥമിക പരിശോധനയില്‍ കോപ്പിയടിച്ചതിന് തെളിവില്ലെന്ന്  വ്യക്തമായിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും സ്വാശ്രയ കോളേജുകളിലെ നടപടികള്‍ പരിശോധിക്കാന്‍ ഓംബുഡ്സ്മാന്‍ അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊണ്ടതായും മന്ത്രി പറഞ്ഞു