വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിജയം കൈവരിക്കാനാകുകയുള്ളുവെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍

Doha copyദോഹ: വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിജയം കൈവരിക്കാനാകുകയുള്ളുവെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍സ് നാസര്‍ പറഞ്ഞു. ആറാമത് ആഗോള വിദ്യാഭ്യാസ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈഖ മൗസ.
വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും പുതിയ രീതികള്‍ പരീക്ഷിക്കുകയും അത് സ്വന്തമാക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം സ്വന്തമാക്കുന്നതിലൂടെയെ മനുഷ്യസമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളു.
ഈ വര്‍ഷത്തെ വൈസ് വിദ്യാഭ്യാസ അവാര്‍ഡ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന കാംഫെഡ് എന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷ ആന്‍ലെസ്‌ലി കോട്ടണിന് സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇത്തരം അവാര്‍ഡിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വത്തിനാണ് ഈ വര്‍ഷം സമ്മാനം നല്‍കുന്നതെന്നും ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍മിസ്‌നദ് പറഞ്ഞു.
ആന്‍ ലെസ്‌ലി ഈ മേഖലയില്‍ നടത്തുന്ന സേവനം ഏറെ പ്രശസ്തമാണ്. അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നതെന്നും ശൈഖ മൗസ കൂട്ടിച്ചേര്‍ത്തു.
തനിക്ക് കിട്ടിയ അംഗീകാരം വലിയ ബഹുമാനമായി കാണുന്നുവെന്ന് ആന്‍ കോട്ടണ്‍ പ്രതികരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പിന്നാക്ക മേഖലയില്‍ കഴിയുന്ന ദുരിതമനുഭവിക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസ മേഖലയിലേക്ക് തിരിച്ചുവിടുകയാണ് തന്റെ പ്രധാന പ്രവര്‍ത്തനമെന്ന് അവര്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ദശലക്ഷം പെണ്‍കുട്ടികള്‍ സംഘടനയുടെ പ്രവര്‍ത്തന ഫലത്തിലൂടെ വിദ്യാഭ്യാസം സ്വായത്തമാക്കി. സാംബിയ, സിംബാബ്‌വെ, ഘാന, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായി സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഖത്തര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ 120 രാജ്യങ്ങളില്‍ നിന്നായി 1,600 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സംഘടന പ്രതിനിധികളും വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകളുടെ പ്രതിനിധികള്‍ക്ക് പുറമെ ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രമുഖരും വൈസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.