എടപ്പാളില്‍ യുവതിയെ പെട്ടിയില്‍ കെട്ടിയിട്ട സംഭവത്തില്‍ ദുരൂഹത

remya and husമലപ്പുറം : എടപ്പാളില്‍ യുവതിയെ മൂന്നംഗ സംഘം മര്‍ദ്ദിച്ച് ബോധരഹിതയാക്കി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി കെട്ടിയിട്ട സംഭത്തില്‍ ദുരൂഹത. ഭര്‍ത്താവും കുട്ടികയും പുറത്തു പോയ സമയത്താണ് സംഭവം നടന്നത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നരിപ്പറമ്പിനടുത്ത് അയ്യങ്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മംഗലം ചിറ്റേതില്‍ സുരേഷിന്റെ ഭാര്യ രമ്യ(27)നെയാണ് അജ്ഞാത സംഘം ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം

വീട്ടിലെത്തിയ മൂന്നംഗ ആക്രമി സംഘമാണ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് യുവതിയെ ആക്രമിക്കുകയും പിന്നീട് മുളകുപൊടി വിതറി രക്ഷപ്പെടുകയും ചെയ്തത്. അതേ സമയം കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടില്‍ കവര്‍ച്ചക്കെത്തിയ ആളെ യുവതി കത്തികൊണ്ട് നേരിടുകയും അയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ഇയാള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് രാവിലെ കവര്‍ച്ചക്കെത്തിയത്. എന്നാല്‍ ഈ സംഭവത്തിന് പിന്നില്‍ ദുരൂഹതയുള്ളതായാണ് പോലീസ് നിഗമനം.

മൂന്നു പേരാണ് വീട്ടിലെത്തി മര്‍ദ്ദിച്ചതെന്ന് യുവതി വ്യക്തമാക്കി. രണ്ട് ലക്ഷ് രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ഭര്‍ത്താവിനെ കൊല്ലുമെന്നും കുട്ടിയെ തട്ടികൊണ്ടു പോകുമെന്നും പറഞ്ഞാണ് സംഘം മര്‍ദ്ദിച്ചതെന്നും ഇതിനു മുമ്പ് രണ്ട് തവണ ഈ ആളുകള്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും യുവതി വ്യകതമാക്കി. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. അതേ സമയം സംഭവത്തെ കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സുരേഷ് തയ്യാറായിരുന്നില്ല. പിന്നീട് നാട്ടുകാരും അയല്‍വാസികളും അറിയിച്ചതിനെ തുടര്‍ന്ന് പൊന്നാനി സിഐ അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി. പരിക്കേറ്റ രമ്യയെ എടപ്പളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.