സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേരളം പെട്രോളിനും ഡീസലിനും വിലക്കൂട്ടുന്നു

Petrol Diesel Hike In Keralaതിരു: പെട്രോളിനും ഡീസലിവും വാണിജ്യനികുതി കൂട്ടി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. എണ്ണ വില കുറഞ്ഞതുകൊണ്ടുള്ള നേട്ടം ഇതോടെ ഇല്ലാതാകും. എണ്ണ വില കുറഞ്ഞതോടെ ഈ ഇനത്തില്‍ നിലവിലുള്ള നികുതി വരുമാനം കുറഞ്ഞതും മദ്യത്തില്‍ നിന്നുള്ള റവന്യു വരുമാനം കുറഞ്ഞതും നികത്താനാണ്‌ സര്‍ക്കാര്‍ പെട്രോളിന്റമേല്‍ കൈവെക്കാനൊരുങ്ങുന്നത്‌

മദ്യത്തിന്‌ കഴിഞ്ഞ മാസത്തില്‍ നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ആറു ശതമാനം വില്‍പന കുറഞ്ഞതോടെ ഇതില്‍ നിന്ന്‌ പ്രതീക്ഷിച്ച അധികവരുമാനം കിട്ടിയതുമില്ല. മദ്യത്തില്‍ നിന്നുള്ളവരുമാനം കുറയാന്‍ മറ്റൊരു കാരണം സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ മാത്രം പൂട്ടിയതിനാലാണ്‌.

പെട്രോളിനും ഡീസലിനും വില കുറഞ്ഞതിനാല്‍ സംസ്ഥാന്തതിന്റെ നികുതി വരുമാനത്തില്‍ 17 കോടിയാണ്‌ മാസം കുറയുന്നത്‌. സാമ്പത്തിക പ്രതിസന്ധിയുളളതിനാല്‍ ഈ നഷ്ടം നികത്താനാണ്‌ നികുതി കൂട്ടുന്നത്‌. ഡീസലിന്‌ വിലകുറഞ്ഞതിലൂടെ മാസം 8.36 കോടി രൂപയാണ്‌ നികുതി നഷ്ടം. ഇപ്പോള്‍ 21.04 ശതമാനമാണ്‌ നികുതി. ഇത്‌ 22.07 ശതമാനമാക്കാനാണ്‌ ശുപാര്‍ശ. അപ്പോള്‍ വിലയില്‍ 47 പൈസയുടെ വര്‍ദ്ധനവുണ്ടാകും. ഖജനാവിലേക്ക്‌ 8.30 കോടി രൂപ കൂടുതല്‍ കിട്ടും. അടുത്തിടെ രണ്ടുതവണ പെട്രോളിനും ഡീസലിനും വില കുറഞ്ഞപ്പോഴും സംസ്ഥാനം ഇത്തരത്തില്‍ വാണിജ്യനികുതി കൂട്ടിയിരുന്നു. ഒക്ടോബര്‍ 28 നാണ്‌ ഇത്തരത്തില്‍ നികുതി അവസാനമായി കൂട്ടിയത്‌.

ബാറുകള്‍ പൂട്ടിയതിനാല്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയാതിരിക്കാന്‍ സെപ്‌തംബറില്‍ ഓര്‍ഡിനന്‍സിലൂടെ വിദേശമദ്യത്തിന്റെ നികുതി 20 ശതമാനം കൂട്ടിയിരുന്നു. ഇതുവഴി മാസം 600 കോടി രൂപയെങ്കിലും കിട്ടുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്‌ എന്നാല്‍ ശരാശരി ലഭിച്ചിരുന്നത്‌ 515 കോടിയാണ്‌. ഒക്ടോബറില്‍ മദ്യവില്‌പന ആറു ശതമാനം കുറഞ്ഞെന്നാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ വാണിജ്യനികുതി വകുപ്പിന്‌ നല്‍കിയിരിക്കുന്ന കണക്ക്‌. 525 കോടി രൂപ മാത്രമാണ്‌ ഈ മാസം കോര്‍പ്പറേഷന്‍ നികുതി നല്‍കിയിരിക്കുന്നത്‌. നികുതി 20 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടും വെറും പത്ത്‌ കോടി മാത്രമാണ്‌ അധികമായി ലഭിച്ചത്‌.