ഗുജറാത്തിലും മണിപ്പൂരിലും ഭൂചലനം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭൂചലനം അനുഭവപ്പെട്ടു. ദക്ഷിണ ഗുജറാത്തിലാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി. ജൂലായ് 17 ഞായറാഴ്ച രാവിലെ 9.24 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സൂറത്തില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രന്ധേര്‍, അമ്രേലി, സവര്‍കുണ്ഡല, അദാജന്‍ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടു.

ഗുജറാത്തില്‍ ഭൂചലനം അനുഭവപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മണിപ്പൂരിലും ഭൂചലനം ഉണ്ടായി. രാവിലെ 8.01 ആയിരുന്നു ഭൂചലനം. എന്നാല്‍ ഇത് താരതമ്യേന ദുര്‍ബലമായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. രണ്ടിടത്തും നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.