സിപിഎമ്മിന്റെ മതേതരനിലപാടുകള്‍ പ്രോത്സാഹിപ്പിക്കണം;പിന്തുണയുമായി ഇ കെ സുന്നി വിഭാഗം

Untitled-1 copyമലപ്പുറം: സംഘപരിവാര്‍ ഫാസിസത്തിനും അസഹിഷ്‌ണുതക്കുമെതിരായ പോരാട്ടത്തില്‍ ന്യൂനപക്ഷം ഇടതിനൊപ്പം നിലകൊള്ളുമെന്ന്‌ ഇ കെ വിഭാഗം. ഫാസിസത്തിനെതിരായ കമ്യൂണിസ്റ്റുകള്‍ സ്വീകരിക്കുന്ന നിലപാട്‌ സ്വാഗതാര്‍ഹമാണെന്നും അവര്‍ക്ക്‌ എല്ലാവിധ പിന്തുണയും സഹായവും തങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നതായും സമസ്‌ത നേതാവും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പറഞ്ഞു.

ഫാസിസത്തിനെതിരായ ഇടതുപക്ഷം നടത്തുന്ന പോരാട്ടത്തെ ന്യൂനപക്ഷങ്ങള്‍ കൂടി പിന്തുണയ്‌ക്കണം. സിപിഐഎമ്മിന്റെ മതേതര നിലപാടുകള്‍ പ്രോല്‍സാഹിപ്പിക്കേണ്ടതാണ്‌. ഫാസിസത്തിനെതിരായ അവരുടെ കാഴ്‌ചപ്പാടിനെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.

സംഘപരിവാര്‍ ഫാസിസത്തിനും അസഹിഷ്‌ണുതക്കുമെതിരെ ആര്‌ നില്‍ക്കുന്നു വെന്നതാണ്‌ ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പരിഗണിക്കേണ്ടതെന്ന്‌ ഹമീദ്‌ ഫൈസി പറഞ്ഞു. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും എന്നാല്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ കോണ്‍ഗ്രസ്‌ ഒരിക്കലും ശക്തമായ നിലപാടെടുത്തിട്ടില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

സംഘപരിവാര്‍ ഫാസിസത്തിനെതിരെ മുഖം നോക്കാതെ കോണ്‍ഗ്രസ്‌ നടപടിയെടുക്കേണ്ടിയിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത്‌ നിന്ന്‌ അത്‌ ഉണ്ടാകാതിരുന്നത്‌ നിരാശാജനകമാണെന്നും അദേഹം അഭിപ്രായപ്പെട്ടു. ഭക്ഷണ ഫാസിസത്തിനെതിരെ എസ്‌എഫ്‌ഐ നടത്തിയ ബീഫ്‌ സമരം ശരിയാണെങ്കിലും സംഘര്‍ഷമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ഹമീദ്‌ ഫൈസി പറഞ്ഞു.