ഡിവൈഎഫ്‌ഐ പ്രകടനത്തിലേക്ക് ഓട്ടോ ഇടിച്ചു കയറി 13 പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍ : ഡിവൈഎഫ്‌ഐ പ്രകടനത്തിലേക്ക് ഓട്ടോ ഇടിച്ചു കയറി 13 പേര്‍ക്ക് പരിക്ക്. മലപ്പുറത്ത് തിങ്കളാഴ്ച നടക്കുന്ന സിപിഎം കളക്ടറേറ്റ് ഉപരോധത്തില്‍ പങ്കെടുക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കോട്ടക്കലിനടുത്ത് പുത്തൂരില്‍ പെട്രോള്‍ പമ്പിന് സമീപത്ത് ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. തിരൂര്‍ അന്നാരയില്‍ നിന്ന് പ്രകടനമായെത്തിയ സംഘം കോട്ടക്കലില്‍ രാത്രി ഭക്ഷണം കഴിഞ്ഞ് മലപ്പുറത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

തിരൂര്‍ ചെമ്മേരിപറമ്പില്‍ പരമേശ്വരന്റെ മകന്‍ സനല്‍ (18), പുതുകുളങ്ങര മൊയ്തീന്റെ മകന്‍ അബ്ബാസ് (29), കടവത്തുപടി കുട്ടന്റെ മകന്‍ ഷിബില്‍ (19), പട്ടത്തില്‍ ബാലകൃഷ്ണന്റെ മകന്‍ ജുനില്‍ (23), പുതിയത്തുപടി ബാലന്റെ മകന്‍ ദീപേഷ്(18), പുതിയകത്ത് താമന്റെ മുകേഷ് (28), വയനാത്ത് സുകുമാരന്റെ രജീഷ് (23), പട്ടത്തിങ്ങല്‍ ഹനീഫയുടെ മകന്‍ അബുതാഹിര്‍ (21), കടവത്തുപടി അയ്യപ്പന്റെ മകന്‍ ഹരീഷ് (17), പുതിയകത്ത്പടി താമിയുടെ മകന്‍ പ്രശാന്ത് (25), പുതിയകുളങ്ങര ഹസ്സന്റെ മകന്‍ ഷൗക്കത്ത് (28), കപ്പല്‍പടിക്കല്‍ ഗോവിന്ദന്റെ മകന്‍ സന്ദീപ് (31), കുമ്മായകരനകത്ത് യൂസഫ് (32), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രകടനമായി പോകുകയായിരന്നു സംഘത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ഓട്ടോ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇടിച്ചു കയറിയത്. പ്രകടനമായി പിറകെയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.