പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലില്‍ പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 2 കോടി രൂപ

duckആലപ്പുഴ: കുട്ടാനട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ പടരുന്നതായി റിപ്പോര്‍ട്ട്‌. ഇന്ന്‌ ആലപ്പുഴ തലവടി പഞ്ചായത്തില്‍ 500 താറാവുകള്‍ കൂടി ചത്തു. 5000 താറാവുകളില്‍ 500 എണ്ണമാണ്‌ ചത്തത്‌. കഴിഞ്ഞ ദിവസം കുമരകത്തും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. പക്ഷിസങ്കേതം അടച്ചിട്ടു.

എറണാകുളത്തെ കാലടിയിലും പക്ഷിപ്പനി പടരുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഇവിടെ താറാവുകളെ കൂട്ടത്തോടെ ചത്തതായി കണ്ടെത്തി എന്നാല്‍ പക്ഷിപ്പനിയാണെന്ന്‌ സ്ഥിരീകരിച്ചില്ല. വിദഗ്‌ദ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്‌. താറാവുകളില്‍ നിന്ന്‌ സാമ്പിളുകള്‍ ശേഖരിച്ചു. ഇത്‌ പരിശോധിച്ചതിനു ശേഷമാണ്‌ പക്ഷിപ്പനിയാണെന്ന്‌ സ്ഥിരീകരിക്കുകയുള്ളു.

പക്ഷിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേരളം കേന്ദ്രത്തോട്‌ കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി അയച്ച റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. സംസ്ഥാന മന്ത്രിസഭ പ്രതിരോധ പ്രവര്‍ത്തനത്തിന്‌ രണ്ട്‌ കോടി രൂപ അനുവദിച്ചു. പക്ഷിപ്പനി വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്‌.

ആലപ്പുഴ പുറക്കാട്‌, ഇല്ലിച്ചിറ പ്രദേശത്തെ താറാവുകളെ ഇന്ന്‌ കൊല്ലും. രോഗബാധിതരായ താറാവുകളെ കൊന്നശേഷം കത്തിക്കാനാണ്‌ തീരുമാനം. ഇതിനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.