ദുബൈയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ച 6 വിദേശികള്‍ക്ക് തടവ് ശിക്ഷ

ദുബൈ: ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ ആറ് സുരക്ഷാ ജീവനക്കാര്‍ക്ക് ദുബൈ കോടതി തടവ് ശിക്ഷ വിധിച്ചു. സ്ഥാപനത്തിലെ പണം കൊണ്ടുപോകുന്ന വാനില്‍ നിന്നാണ് 1.2 മില്യണ്‍ ദിര്‍ഹം അപഹരിച്ചത്. സംഭവത്തില്‍ ആറ് സുരക്ഷാ ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ദുബൈ കോടതി വിധിച്ചു. ജോലിയുടെ സൗകര്യം ദുരുപയോഗം ചെയ്ത് പണം മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് ശിക്ഷ.

വളരെ ആസൂത്രിതമായാണ് സംഘം മോഷണം നടത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് മോഷണം നടത്തിയത്. മോഷണം നടത്തിയ ആറ് ശ്രീലങ്കക്കാരാണ് ശിക്ഷിക്കപ്പെട്ടത്. ദുബൈയിലെ വ്യത്യസ്ത വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുകയാണ് അപഹരിച്ചത്. പണം കൊണ്ടു പോകുന്ന വാനില്‍ നിന്നും ഇവര്‍ പണം മോഷ്ടിച്ച് മാറ്റൊരു വാഹനത്തില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ അടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. ഈ തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

മോഷണം നടത്താന്‍ പദ്ധതിയിട്ട പ്രതികള്‍ അല്‍ റാഷിദിയില്‍ ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ഇവിടെ വെച്ചാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. മോഷ്ടിച്ച പണം ഇവിടെ വെച്ചാണ് ഇവര്‍ പങ്കിട്ടെടുത്തത്. ഓരോരുത്തര്‍ക്കും 1,60,000 ദിര്‍ഹമാണ് ലഭിച്ചത്. ബാക്കി വന്ന തുക മറ്റ് ചിലവുകള്‍ക്കായി ഉപോയാഗിച്ചു.