ദുബായില്‍ ഓഫര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഗ്രോസറികള്‍ നിറച്ചാല്‍ പണികിട്ടും

Untitled-1 copyദുബായ്‌: ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഓഫുകളില്‍ വാങ്ങിക്കൂട്ടുന്ന സാധനങ്ങള്‍ സ്വന്തം കടകളിലൂടെ വില്‍പ്പന നടത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന്‌ ദുബായ്‌ സാമ്പത്തിക മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌.

ഓഫറില്‍ വെക്കുന്ന സാധനങ്ങള്‍ ഗ്രോസറി പോലുള്ള ചെറുകിട സ്ഥാപനങ്ങളിലൂടെ മറിച്ച്‌ വില്‍പ്പന നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ കൈയ്യോടെ പിടികൂടാന്‍ വന്‍കിട സ്ഥാപനങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങളാണ്‌ ഇത്തരക്കാര്‍ അവരുടെ സ്വന്തം ആവശ്യത്തിലേക്ക്‌ വഴിമാറ്റുന്നതെന്നും വിലക്കുറവിന്റെ ആനുകൂല്യം പലപ്പോഴും ഉപഭോക്താക്കള്‍ക്ക്‌ നഷ്ടപ്പെടുന്നു വെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ ഓഫര്‍ സാധനങ്ങള്‍ മൊത്തമായി വാങ്ങിക്കുന്നവരുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്‌.

മന്ത്രാലയത്തിന്‌ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ സംഘടിപ്പിക്കുമെന്നും ഗ്രോസറികള്‍ പോലുള്ള സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.