ദുബായില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തികൊന്നു

ദുബായ് : മലയാളി യുവതിയെ സ്‌കൂളിന് മുമ്പില്‍ വെച്ച് ഭര്‍ത്താവ് കുത്തികൊന്നു. ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ബസിലെ കണ്ടക്ടര്‍ തിരുവനന്തപുരം കവലയൂര്‍ സ്വദേശിനി സോണിയ രഞ്ജിത്ത് (35) നെ യാണ് ഭര്‍ത്താവ് കുത്തികൊന്നത്. ഇതിനു ശേഷം സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ച സോണിയയുടെ ഭര്‍ത്താവ് വര്‍ക്കല സ്വദേശി രഞ്ജിത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌കൂള്‍ ഗേറ്റില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ വെച്ചാണ് രഞ്ജിത്ത് സോണിയയെ കുത്തികൊന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. പാന്റ്‌സിനടിയില്‍ ഒളിപ്പിച്ച കത്തിയുമായി ഗേറ്റില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ സോണിയ ബസില്‍ നിന്ന് ഇറങ്ങിയ ഉടനെ അവരുടെ അടുത്തേക്ക് പോകുകയും വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സോണിയയെ നിലത്തിട്ട് വലിച്ചിഴക്കുകയും തലങ്ങും വിലങ്ങും കുത്തുകയും ആയിരിന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സോണിയ മരിച്ചു.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായത്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. വിവാഹമോചനത്തിനുള്ള ശ്രമത്തിലുമായിരുന്നു സോണിയയും രഞ്ജിത്തും. ഇവര്‍ക്ക് ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുമുണ്ട്. ഒരു വര്‍ഷം മുമ്പാണ് സോണിയ എന്‍ഐ മോഡല്‍ സ്‌കൂളിലെ ബസ് കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ചത്. രഞ്ജിത് വര്‍ക്കലയില്‍ ചിട്ടി കമ്പനി നടത്തി പൊളിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും ദുബായിലേക്ക് വന്നതെന്ന് പറയുന്നു.