ദുബായി എട്ടു വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ദുബായ്: എട്ടുവയസ്സുകാരനെ ദുബായില്‍ ലൈംഗീകമായി പീഡിപ്പിച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി. ജോര്‍ദാന്‍ സ്വദേശി നിദാല്‍ ഈസ്സ അബ്ദുല്ല അബു അലി(49)യുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

ജോര്‍ദാനിയന്‍ ബാലനായ ഒബൈദ സെദ്ഖിയെ പിതാവിന്റെ സുഹൃത്തുകൂടിയായ പ്രതി കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതിയുടെ അപ്പീല്‍ തള്ളി കീഴ്‌ക്കോടതികള്‍ വിധിച്ച വധശിക്ഷ ദുബായ് കോടതി ശരിവെച്ചിരുന്നു. പ്രതിയുടെ വധശിക്ഷ വ്യാഴാഴ്ച രാവിലെ നടപ്പിലാക്കിയതായി പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

2016 മേയിലാണ് സംഭവം നടക്കുന്നത്. ഷാര്‍ജയിലെ പിതാവിന്റെ ഗാരേജിന് സമീപത്തുവെച്ചാണ് കുട്ടിയെ മെയ് 20 ന് കാണാതായത്. തുടര്‍ന്ന് രണ്ട് ദിവസത്തിനു ശേഷം മൃതദേഹം ദുബായ് വര്‍ഖയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ ലൈംഗീക പീഡനത്തിന് ശേഷം കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകല്‍, ലൈംഗികപീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്.

എന്നാല്‍ താന്‍ ചെയ്യുന്ന കുറ്റങ്ങളില്‍ പശ്ചാതപിക്കുന്നതായും തനിക്ക് മാനസിക രോഗമുണ്ടെന്നും അന്നു സംഭവിച്ച കാര്യങ്ങള്‍ ഒന്നും തന്നെ ഓര്‍മയില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞ് ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും കോടതി പ്രതിയുടെ വധശിക്ഷ നടപ്പിവാക്കുകയായിരുന്നു.