ദുബായില്‍ ഡ്രൈവിംഗ് പരിശീലന ക്ലാസുകള്‍ ഒരു മണിക്കൂറാക്കി വര്‍ദ്ധിപ്പിക്കുന്നു

imagesദുബായ്: ഡ്രൈവിംഗ് സ്‌കൂളുകളിലെ പരിശീലന സമയം ആര്‍ടിഎ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഒരു ക്ലാസിന്റെ സമയം ഒരു മണിക്കൂറാക്കി വര്‍ദ്ധിപ്പാക്കാനാണ് തീരുമാനം. ഇതിനുവേണ്ടി അധികപണം നല്‍കേണ്ടതില്ലെന്നും ആര്‍ടിഎയുടെ ലൈസന്‍സിംഗ് അതോറിറ്റി അറിയിച്ചു. നിലവില്‍ ദുബായില്‍ ഡ്രൈവിംഗ് സ്‌കൂളുകളിലെ പരിശീലന സമയം അരമണിക്കൂറാണ്.

അരമണിക്കൂര്‍ സമയത്തെ പരിശീലനം അപര്യാപ്തമാണെന്നതിനെ തുടര്‍ന്നാണ് സമയം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍ടിഎ ലൈസന്‍സിംഗ് ഏജന്‍സി സിഇഒ വ്യകതമാക്കി. എന്നാല്‍ റോഡ് ടെസ്റ്റിന് ആവശ്യമായ മൊത്തം പരിശീലന സമയത്തില്‍ മാറ്റമുണ്ടാകില്ല.

നിലവില്‍ സ്വന്തം രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് നാല്‍പ്പത് ഡ്രൈവിംഗ് ക്ലാസിലാണ് പങ്കെടുക്കേണ്ടത്. അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള ഡ്രൈവിംഗ് ലൈസന്‍സ് മറ്റെവിടെ എങ്കിലും ഉളളവര്‍ക്ക് പത്തുക്ലാസുകളില്‍ പങ്കെടുത്താല്‍ മതിയാകും. ഇത് നിലവിലുള്ള രീതിയില്‍ തന്നെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതസെമയം അടുപ്പിച്ച് രണ്ട് മണിക്കൂര്‍ നേരത്തെ ക്ലാസിന് ശേഷം ഇനിമുതല്‍ ഇടവേളയും ലഭിക്കും. ഒരു മണിക്കൂറായിരിക്കും ഈ ഇടവേള. ഒരു ദിവസം നാലുമണിക്കൂറില്‍ കൂടുതല്‍ പരിശീലിപ്പിക്കാനും പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

2017 ജനുവരി ഒന്നു മുതലാണ് പുതിയ സമയക്രമം നിലവില്‍ വരിക.