ദുബായില്‍ ഹണിമൂണിനെത്തിയ ദമ്പതികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ പ്രവാസിക്ക്‌ തടവ്‌

ദുബായ്‌: ദുബായില്‍ ഹണിമൂണാഘോഷിക്കാനെത്തിയ ദമ്പതിമാരുടെ സ്വകാര്യ വീഡിയോ ചിത്രീകരിച്ച പ്രവാസി യുവാവിന്‌ തടവ്‌ ശിക്ഷ. ലിമോ ഡ്രൈവറായ യുവാവാണ്‌ തന്റെ വാഹനത്തില്‍ സഞ്ചരിച്ച യുവദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ അവരറിയാതെ പകര്‍ത്തുകയും അവരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്‌തത്‌.

ദമ്പതികള്‍ തമാസിച്ചിരുന്ന ബര്‍ ദുബായിലെ ഹോട്ടലില്‍ നിന്നും മാളിലേക്ക്‌ പോകുന്നതിനാണ്‌ ഇവര്‍ ടാക്‌സിയില്‍ യാത്ര ചെയ്‌തത്‌. ടാക്‌സിയുടെ പിന്‍സീറ്റിലിരുന്ന്‌ റൊമാന്റിക്കായി ഇടപഴകിയ ദമ്പതിമാരുടെ ഈ രംഗങ്ങള്‍ ഇയാള്‍ തന്ത്രപരമായി പകര്‍ത്തുകയായിരുന്നു. പിന്നീട്‌ ഇയാള്‍ ഈ ക്ലിപ്‌സ്‌ വാട്ട്‌സ്‌ ആപ്പിലൂടെ യുവാവിന്‌ അയച്ചു കൊടുക്കുകയായിരുന്നു.

തുടര്‍ന്ന്‌ ഇയാള്‍ ഇവരോട്‌ നിരന്തരം പണം ആവശ്യപ്പെടുകയായിരുന്നു. 2000 ദിര്‍ഹം കൊടുത്തില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. ഇതെതുടര്‍ന്നാണ്‌ ദമ്പതിമാര്‍ പോലീസില്‍ പരാതിപ്പെട്ടത്‌. ദമ്പതികളുടെ സ്വകാര്യതമാനിച്ച്‌ ഇവര്‍ ഏതു രാജ്യക്കാരാണെന്ന വിവരം പോലീസ്‌ പുറത്തുവിട്ടിട്ടില്ല.