ഒരു ജലദിനം കൂടി;കുടിവെള്ളത്തിനായി നട്ടംതിരിഞ്ഞ്‌ ജനങ്ങള്‍

ph-1 (7) copyകോട്ടക്കല്‍: പഴമക്കാരുടെ നന്മയുള്ള ചരിതങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരു ജലദിനം കൂടി. ചുട്ടുപൊള്ളുന്ന വര്‍ത്തമാനകാല ചുറ്റുപാടില്‍ വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്‌ ഓരോരുത്തരും. പുതിയകാല മനുഷ്യരെ മണ്ണിലേക്കും പ്രകൃതിയിലേക്കും ജലദൗര്‍ലഭ്യതയുടെ തുടര്‍പ്രശ്‌നങ്ങളിലേക്കും ചിന്തിപ്പിക്കുകയാണ്‌ ഓരോ ജലദിനങ്ങളും. മണ്ണിനും സഹജീവികള്‍ക്കും നന്മയുടെ ഹൃദയവായ്‌പുകള്‍ പങ്കുവെച്ച പഴയകാല മനുഷ്യരെ സ്‌മരിക്കാന്‍ ഇടം നല്‍കുകയാണ്‌ ചാടികള്‍.

കാര്‍ഷികവൃത്തിയില്‍ മനസ്സുനിറഞ്ഞു ജീവിച്ചിരുന്ന പഴയകാല സമൂഹത്തിന്റെ നന്മകളിലൊന്നായിരുന്നു ചാടികള്‍. കവലകള്‍ കേന്ദ്രീകരിച്ച്‌ സഹജീവികള്‍ക്ക്‌ ദാഹമകറ്റാന്‍ ആറടി നീളത്തിലും മൂന്നടി വീതിയിലും കരിങ്കല്ലു കൊണ്ട്‌ പഴമക്കാര്‍ ചാടികള്‍ നിര്‍മിച്ചിരുന്നു. അഞ്ചടിനീളത്തിലും രണ്ടടി വീതിയിലുമായി കുശവന്‍മാര്‍ മണ്ണില്‍ നിര്‍മിക്കുന്ന ചാടികളും അക്കാലത്തുണ്ടായിരുന്നു. ഇത്തരം ചാടികളില്‍ പ്രദേശവാസികള്‍ നിറച്ചുവെക്കുന്ന വെള്ളം തേടി നിരവധി പക്ഷിമൃഗാദികളാണ്‌ വന്നിരുന്നത്‌. പഴയകാല മനുഷ്യരുടെ നന്മവഴികളിലേക്ക്‌ വെളിച്ചം വീശി നിരവധി ചാടികളാണ്‌ നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള ഖനനങ്ങളില്‍ നിന്നും ലഭിക്കുന്നത്‌. നേരത്തെ ജില്ലയിലും മറ്റും സുലഭമായി കണ്ടിരുന്ന ചെനകള്‍ മണ്ണിട്ടു തൂര്‍ത്തതും പക്ഷിമൃഗാദികള്‍ക്ക്‌ ജീവനു തന്നെ ഭീഷണിയായിട്ടുണ്ട്‌. നിലവില്‍ ചെനകള്‍ ചില പ്രദേശങ്ങളുടെ പേരില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്‌.

വൃക്ഷങ്ങള്‍ വ്യാപകമായി വെട്ടിനിരത്തിയത്‌ മൂലം തണ്ണീര്‍പ്രദേശങ്ങള്‍ വരണ്ടുണങ്ങി തുടങ്ങി. ഇതുമൂലം ജലാശയങ്ങളില്‍ ബാഷ്‌പീകരണ നഷ്ടം വര്‍ഷാവര്‍ഷങ്ങളില്‍ ക്രമാധീതം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. സംസ്ഥാനത്ത്‌ താപനം വര്‍ധിച്ചതോടെ പഴമക്കാരുടെ നന്മരീതികള്‍ അനുകരിച്ച്‌ തദ്ദേശസ്ഥാപനങ്ങളും വിദ്യാര്‍ഥികളും വിവിധ സംഘടനകളും പക്ഷിമൃഗാദികള്‍ക്കും മറ്റും കുടിനീര്‍ ലഭ്യമാക്കുന്ന പദ്ധതിയുമായി നിലവില്‍ രംഗത്തുവന്നിട്ടുണ്ട്‌.