ഡോ വി സി ഹാരിസ് അന്തരിച്ചു

കോട്ടയം: സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറുമായ  ഡോ. വി സി ഹാരിസ് (58)അന്തരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ഒക്ടോബര്‍ അഞ്ചിനാണ്  ഓട്ടോയില്‍ യാത്രചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കമലാദാസിന്റെ ചന്ദനമരങ്ങള്‍, മേതിലിന്റെ ആല്‍ഫ്രെഡ് ഹിച്ച് കോക്കിന്റെ പ്രേമഗാനം, പി ടി നരേന്ദ്രനാഥിന്റെ നമ്പൂരിച്ചനും ദിവ്യമന്ത്രവും, നരേന്ദ്രപ്രസാദിന്റെ സൌപര്‍ണിക, പി ബാലചന്ദ്രന്റെ പാവം ഉസ്മാന്‍ തുടങ്ങിയവ ഇംഗ്ളീഷിലേയ്ക്കാക്കിയത് ഹാരിസാണ്. ഡിസി ബുക്സ് നവ സിദ്ധാന്തങ്ങള്‍ പുറത്തിറക്കുമ്പോള്‍ എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു ഹാരിസ്. ‘എഴുത്തും വായനയും’ എന്ന സാഹിത്യ നിരുപണഗ്രന്ഥവും. സമാഹരിക്കാത്ത നിരവധി ലേഖനങ്ങള്‍ ഇംഗ്ളീഷിലും മലയാളത്തിലുമായി എഴുതിയിട്ടുണ്ട്.

പല നാടകാവതരണങ്ങളിലും രചയിതാവും സംവിധായകനും നടനുമായി അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു. സാമുവല്‍ ബെക്കറ്റിന്റെ കൃതി, ‘ക്രാപ്സ് ലാസ്റ്റ് ടേയ്പ്’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും, ക്രാപ്പായി വേഷമിട്ടുകൊണ്ട് ആ ഏകാംഗ (ഒറ്റയാള്‍) നാടകത്തെ സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കുകയും ചെയ്തു ഹാരീസ്.

ഫ്രഞ്ച് സൈദ്ധാന്തികന്‍ ഴാക് ദറിദയെ കേരളസമൂഹത്തിനു സാര്‍ഥകമായി പരിചയപ്പെടുത്തികൊടുത്ത വ്യക്തി കൂടിയാണ് വി സി ഹാരിസ്.
ബ്രിസ്ബെയിന്‍ ചലച്ചിത്രമേളയില്‍ മലയാളം സിനിമകളുടെ ക്യൂറേറ്ററായും പങ്കെടുത്തിരുന്നു ഇദ്ദേഹം.

ആറ് സിനിമകളിലും അദ്ദേഹം വേഷമിട്ടു. ടി കെ രാജീവ് കുമാറിന്റെ ജലമര്‍മ്മരം, സുമാ ജോസണ്‍ സംവിധാനം ചെയ്ത സാരി, ജി എസ് വിജയന്‍ സംവിധാനം ചെയ്ത കവര്‍ സ്റ്റോറി, ശിവപ്രസാദ് സംവിധാനം ചെയ്ത സ്ഥലം, എ ബി വര്‍ഗീസ് സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ്, സിദ്ധര്‍ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്നീ സിനിമകളിലാണ് അഭിനയിച്ചത്.

മയ്യഴിയിലാണ് ജനനം. സ്കൂള്‍ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹര്‍ലാല്‍ നെഹ്രു ഹൈസ്കൂളില്‍. കണ്ണൂര്‍ എസ്.എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ലൿചററായി ജോലിചെയ്തിരുന്നു.