സ്‌ത്രീധന നിരോധന നിയമത്തെകുറിച്ച്‌ പുരുഷന്‍മാരെ ബോധവല്‍കരിക്കണം

images (1)കോഴിക്കോട്‌: സ്‌ത്രീധന നിരോധന നിയമവും ഗാര്‍ഹിക പീഡനനിരോധന നിയമവും ഫലപ്രദമായി നടപ്പിലാക്കുന്നതിന്‌ പുരുഷ സമൂഹത്തെ ബോധവല്‍കരിക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തില്‍ ജമീല അഭിപ്രായപ്പെട്ടു. സാമൂഹ്യനീതി വകുപ്പ്‌ സംഘടിപ്പിച്ച സ്‌ത്രീധന ഗാര്‍ഹിക പീഡന നിരോധന ദിനാചരണം കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായയിരുന്നു അവര്‍. യൂണിസെഫിന്റെ കണക്കു പ്രകാരം സ്‌ത്രീധനം കാരണം 7 ലക്ഷത്തോളം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ട്‌. കേരളത്തിലെ സ്‌ത്രീ ആത്മഹത്യകളുടെ പ്രധാനകാരണവും ഇതുതന്നെയാണ്‌. വിവാഹത്തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതിനും സ്‌ത്രീധനം കാരണമാകുന്നു. കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ്‌ ആശങ്കാജനകമാണ്‌. കാനത്തില്‍ ജമീല പറഞ്ഞു.
ഗാര്‍ഹിക പീഡന നിരോധന നിയമത്തെകുറിച്ച്‌ ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റി സെക്രട്ടറിയും സബ്‌ ജഡ്‌ജുമായ ആര്‍.എല്‍ ബൈജു ക്ലാസെടുത്തു. മാനസിക ശാരീരിക പീഡനം, മോശമായ പെരുമാറ്റം, നടപടികളിലുള്ള ഉപേക്ഷ എന്നിവ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ പെടുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഭരണഘടന വാഗ്‌ദാനം ചെയ്‌ത അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തരം നിയമങ്ങള്‍ രൂപീകരിച്ചത്‌. ഗാര്‍ഹിക പീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രീകളെ സംരക്ഷിക്കുന്നതിന്‌ ജില്ലയില്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സ്‌ത്രീധന നിരോധന നിയമത്തെകുറിച്ച്‌ പുനര്‍ജനി വിമന്‍ ലോയേഴ്‌സ്‌ ഫോറത്തിലെ അഡ്വ.സീനത്ത്‌ ക്ലാസെടുത്തു. വിവാഹത്തിനു ശേഷം ഏഴു വര്‍ഷത്തിനുള്ളില്‍ സ്‌ത്രീ ആത്മഹത്യ ചെയ്‌താല്‍ സ്‌ത്രീധന മരണത്തിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യാമെന്ന്‌ അഡ്വ.സീനത്ത്‌ പറഞ്ഞു.
കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ്‌ കാവില്‍, റീജ്യണല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി.പി.സാറാമ്മ സ്വാഗതവും വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ.ലിന്‍സി നന്ദിയും പറഞ്ഞു.