പ്രവാസികളുടെ എക്‌സിറ്റ്, എന്‍ട്രി, റസിഡന്‍സി കരട് നിയമം; ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു

ദോഹ: പ്രവാസികളുടെ എക്‌സിറ്റ്, എന്‍ട്രി, റസിഡന്‍സി സംബന്ധിച്ച കരട് നിയമം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശൂറാകൗണ്‍സിലിന്റെ ഇന്റേണല്‍ ആന്റ് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. ഇന്നലെ ഉച്ചയ്ക്കുശേഷം ചേര്‍ന്ന ഇന്റേണല്‍ ആന്റ് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശം ചര്‍ച്ചയ്‌ക്കെടുക്കുകയും കരട് നിയമം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി ശൂറാ കൗണ്‍സിലിനു സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയമഭേദഗതികളിലൊന്നാണിത്.
ശൂറാ കൗണ്‍സില്‍ വീണ്ടും പരിഗണിക്കുന്ന കരട് നിയമം ക്യാബിനറ്റും അംഗീകരിച്ച് അമീര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെയാണ് പ്രാബല്യത്തിലാവുക. ഇന്റേണല്‍ ആന്റ് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി എപ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വ്യക്തമല്ല. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ശൂറാ കൗണ്‍സിലിന്റെ മുന്നിലെത്തുന്നതോടെ തടസങ്ങള്‍ ഏറെക്കുറെ ഇല്ലാതെയാകും.