ഖത്തറില്‍ പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം

ദോഹ: രാജ്യത്തെ പുറം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിലവില്‍ വന്നും. ഇതുപ്രകാരം ഇനിമുതല്‍ തൊഴിലാളികള്‍ക്ക് രാവിലെ പതിനൊന്നുമുതല്‍ വൈകീട്ട് മൂന്ന് വരെ ഉച്ചവിശ്രമം അനുവദിക്കും.

പകല്‍ സമയത്തെ താപനില നാല്‍പതു ഡിഗ്രിക്ക് മുകളിലെത്തിയതിനെ തുടര്‍ന്നാണ് തുറസ്സായിട്ടുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വരെ തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കുന്നത് കുറ്റകരമായിരിക്കുമെന്ന് ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.

തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമത്തിനുവേണ്ട സൗകര്യമൊരുക്കാത്ത കമ്പനികള്‍ക്ക് നിയമനടപടി നേരിടേണ്ടിവരും. ഒരുവര്‍ഷം വരെ തടവും പിഴയുമായിരിക്കും നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴില്‍ സ്ഥലങ്ങളില്‍ വിവിധ ഭാഷകളിലുള്ള അറിയിപ്പുകള്‍ പതിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിരിക്കുകാണ്. ഇക്കാര്യം ലംഘിക്കുന്നവരെ കണ്ടെത്താനായി നാനൂറോളം ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി രാജ്യത്ത് ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന സമയനിയന്ത്രണത്തിന്റെ ഭാഗമായാണ് ഈ നടപടി.