ഖത്തറിലേക്കുള്ള വിദേശ തൊഴിലാളികളുടെ വരവും താമസവും; കരട്‌ നിയമ ചര്‍ച്ച പൂര്‍ത്തിയായി

548x331_doha_migrant_workers_apartmentsദോഹ: ഖത്തറിലേക്കുള്ള വിദേശ തൊഴിലാളികളുടെ വരവും അവരുടെ താമസവുമായി ബന്ധപ്പെട്ട കരട് നിയമത്തിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ശൂറ കൗണ്‍സില്‍ മന്ത്രിസഭക്ക് കൈമാറി. കരട് നിയമം തത്വത്തില്‍ അംഗീകരിച്ച ശൂറ കൗണ്‍സില്‍ സുപ്രധാനമായ ചില മാറ്റങ്ങളും നിര്‍ദേശിച്ചു.
കരട് നിയമത്തിലെ തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏഴ്, തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 21 എന്നീ വ്യവസ്ഥകളില്‍ ശൂറ കൗണ്‍സില്‍ വിയോജിപ്പ് രേഖപ്പെടുത്തി.
ക്കിള്‍ ഏഴ് അനുസരിച്ച് ഒരു തൊഴിലാളി രാജ്യത്ത് നിന്നും പുറത്ത് പോകണമെങ്കില്‍ മൂന്ന് ദിവസം മുമ്പ് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിനെ വിവരം അറിയിച്ചാല്‍ യാത്ര ചെയ്യാനുളള അനുമതി മന്ത്രാലയം നല്‍കും. എന്നാല്‍ ഈ വ്യവസ്ഥയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ശൂറ കൗണ്‍സില്‍ രാജ്യത്ത് നിന്നും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴിലാളി ആദ്യം തന്റെ തൊഴില്‍ ദാതാവിനെ അറിയിക്കുകയും തൊഴില്‍ ദാതാവ് അനുമതി നിഷേധിച്ചാല്‍ മാത്രം ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചത്
തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 21ലും ശൂറ കൗണ്‍സില്‍ ഭേദഗതി നിര്‍ദേശിച്ചു. കരാര്‍ കലാവധി കഴിഞ്ഞാലോ ഓപ്പണ്‍ കരാര്‍ ആണെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷമോ തൊഴില്‍ മാറാം എന്നതാണ് കരട് നിയമത്തിലെ വ്യവസ്ഥ. എന്നാല്‍ ഇത് മാറ്റി കരാര്‍ കാലവധിയുടെ ഇരട്ടി സമയത്തിന് ശേഷവും ഓപ്പണ്‍ കരാര്‍ ആണെങ്കില്‍ പത്ത് വര്‍ഷത്തിന് ശേഷവും മാത്രമെ തൊഴില്‍ മാറ്റം അനുവദിക്കാവൂ എന്നതാണ് ശൂറ കൗണ്‍സില്‍ നിര്‍ദേശം. കൂടാതെ ആദ്യത്തെ തൊഴില്‍ ദാതാവില്‍ നിന്നും റിലീസ് വാങ്ങിയാല്‍ രണ്ട് പ്രവാശ്യം മാത്രമെ തൊഴില്‍ മാറ്റം അനുവദിക്കാന്‍ പാടുള്ളൂ എന്നും ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു.
കരട് നിയമത്തില്‍ നിരവധി തവണ ചര്‍ച്ച നടത്തിയ ശൂറ കൗണ്‍സില്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി എക്‌സ്‌റ്റേണല്‍ അഫേഴ്‌സ് കമ്മറ്റിയെ ഏല്‍പ്പിച്ചിരുന്നു.
ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍താനി, തൊഴില്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ ഖുലൈഫി, ഖത്തര്‍ ചേംബര്‍ ആന്റ് കൊമേഴ്‌സ് ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍താനി തുടങ്ങിയവരുടെ സാനിധ്യത്തില്‍ എക്‌സ്‌റ്റേണല്‍ അഫേഴ്‌സ് കമ്മറ്റി കരട് നിയമത്തെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇവര്‍ക്ക് പുറമെ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലും നിരവധി തവണ ചര്‍ച്ചകള്‍ നടന്നിരുന്നു.
എന്നാല്‍ തൊഴില്‍ നിയമത്തിലെ മാറ്റം രാജ്യത്തെ സംബന്ധിച്ചെടുത്തോളം ഏറെ നിര്‍ണ്ണായകമാണെന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഇതു സംബന്ധമായ സമ്മര്‍ദ്ദം രാജ്യം നേരിടുന്നതായും പ്രധാന മന്ത്രി ശൂറ കമ്മറ്റി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.