വേതന സുരക്ഷാ സമ്പ്രദായം; ഇന്നുമുതല്‍ ദോഹയില്‍ തൊഴിലാളികളുടെ ശമ്പളം ബാങ്ക്‌ വഴി

doha 1ദോഹ: വേതന സുരക്ഷാ സമ്പ്രദായത്തിന് ഇന്ന് തുടക്കമാകും. തൊഴിലാളികളുടെ ശമ്പളം ഇന്നുമുതല്‍ ബാങ്ക് വഴിയായിരിക്കണമെന്നാണ് നിയമം.
തൊഴില്‍ നിയമം 14/2004ന്റെ ഭേദഗതി അടിസ്ഥാനമാക്കിയാണ് പുതിയ സമ്പ്രദായം നിലവില്‍ വരുന്നത്. വേതന സുരക്ഷാ സമ്പ്രദായത്തില്‍ തൊഴിലാളികളുടെ ശമ്പളം ഓരോ മാസവും ഏഴാം ദിവസത്തിനകം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കണമെന്നാണ് മന്ത്രിസഭാ തീരുമാനം. വേതന സുരക്ഷാ സമ്പ്രദായം നടപ്പാക്കാന്‍ തൊഴില്‍ സാമൂഹ്യ സുരക്ഷാ മന്ത്രാലയം ആറുമാസത്തെ സാവകാശം അനുവദിച്ചിരുന്നു. വേതന സുരക്ഷാ സമ്പ്രദായം നടപ്പാക്കാന്‍ നവംബര്‍ രണ്ടിന് ശേഷം കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് തൊഴില്‍ സാമൂഹ്യ സുരക്ഷാ മന്ത്രി അബ്ദുല്ല സാലഹ് മുബാറക്ക് അല്‍ ഖുലൈഫി ഈയ്യിടെ അറിയിച്ചിരുന്നു.
രാജ്യത്തെ അരലക്ഷത്തിലധികം കമ്പനികളുടെ തൊഴിലാളികളുടെ ശമ്പളം വേതന സുരക്ഷാ സമ്പ്രദായം വഴി നിരീക്ഷിക്കപ്പെടും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കുന്നത് തടയുകയും തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തല്‍ ചെയ്യപ്പെടുകയും ചെയ്യും.