ദോഹയില്‍ തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യാന്‍ ഫീസ്‌ ഈടാക്കരുത്‌; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്‌

Story dated:Tuesday October 6th, 2015,01 10:pm
ads

Untitled-1 copyദോഹ: വേതന സുരക്ഷ പദ്ധതി പ്രകാരം വിവിധ കമ്പനികള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യാന്‍ ഫീസ് ഈടാക്കരുതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിറക്കി. തന്റെ അക്കൗണ്ടില്‍ നിന്നും എത്ര കുറഞ്ഞ സംഖ്യയും വിദേശത്തേക്ക് അയക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ടെന്നും ഇതിനായി പത്ത് റിയാലില്‍ കൂടുതല്‍ ഫീസ് ഈടാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. രണ്ടായിരം റിയാലില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് മാസത്തില്‍ അഞ്ച് തവണയെങ്കിലും സൗജന്യമായി ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പണം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ രണ്ടായിരം റിയാലിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കുമ്പോള്‍ മൂന്ന് റിയാല്‍ ഫീ ഈടാക്കും. ഏത് ബാങ്കിലേയും അക്കൗണ്ടിലേക്ക് തൊഴിലാളികള്‍ക്ക് പണം കൈമാറാനാവും. ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ല. വേതന സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ള ഉത്തരവ് പാലിക്കാത്ത ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന് അധികാരമുണ്ടായിരിക്കും.