ഖത്തറില്‍ ഒളിച്ചോടുന്ന തൊഴിലാളികളെക്കുറിച്ച് 14 ദിവസത്തിനുള്ളില്‍ അറിയിക്കണം

ദോഹ: രാജ്യത്ത് നിന്നും തൊഴിലാളികള്‍ ഓടിപ്പോവുകയോ കാണാതാവുകയോ ചെയ്താല്‍ പതിനാല് ദിവസത്തിനുള്ളില്‍ അധികൃതരെ വിവരമറിയിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികള്‍ ഓടിപോകുന്നത് നിയമവിരുദ്ധമാണ്. തൊഴിലാളികളുടെ താമസാനുമതിരേഖയുടെ (ആര്‍.പി.) കാലാവധി കഴിഞ്ഞശേഷവും സ്വദേശത്തേക്ക് മടങ്ങാത്തവരെക്കുറിച്ചും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പ് അസി. ഡയറക്ടര്‍ ലെഫ. കേണല്‍ അബ്ദുല്‍ റഹ്മാന്‍ ഫഖ്‌റോ പറഞ്ഞു.

അതെസമയം ഓടിപ്പോയ തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നവരും നിയമനടപടി നേരിടേണ്ടിവരും. താമസാനുമതിരേഖയുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മിക്ക കമ്പനികളും വ്യക്തികളും നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നുണ്ടെന്ന് നേരത്തേ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ ലെബ്ദ വ്യക്തമാക്കിയിരുന്നു. ഗാര്‍ഹികതൊഴിലാളികളോ അല്ലെങ്കില്‍ കമ്പനി ഉദ്യോഗസ്ഥരോ ആരായാലും ഓടിപ്പോകുന്ന തൊഴിലാളികള്‍ രാജ്യത്തിന് സാമൂഹിക, സുരക്ഷാ, സാമ്പത്തിക ഭീഷണിയാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കാലാവധികഴിയുകയോ അല്ലെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനം മരവിക്കുകയോ അല്ലെങ്കില്‍ സ്‌പോണ്‍സര്‍/തൊഴിലുടമയുടെ മരണം എന്നിവ സംഭവിച്ചാല്‍ 90 ദിവസത്തിനകം ആര്‍.പി. പുതുക്കാത്ത തൊഴിലാളികള്‍ നിയമനടപടി നേരിടണമെന്ന് ഫഖ്‌റോ പറഞ്ഞു. രാജ്യത്തെ എല്ലാകമ്പനികളും വ്യക്തികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് സാധുതയുള്ള ആര്‍.പി. ഉണ്ടോയെന്നും യഥാസമയം അവ പുതുക്കുന്നുണ്ടോയെന്നും ഉറപ്പാക്കണം.