തൊഴില്‍തര്‍ക്ക നടപടികള്‍ ലഘൂകരിക്കാന്‍ കരടുനിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അനുമതി

ദോഹ: രാജ്യത്തെ തൊഴിലാളികളുടെ അവകാശസംരക്ഷണം ഉറപ്പാക്കാനായി തൊഴില്‍തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിക്കാനുള്ള കരടുനിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.

1990 ലെ സിവില്‍, വാണിജ്യ ചട്ടങ്ങളിലെ പതിമൂന്നാം നമ്പര്‍ നിയമത്തിലെയും 2004 ലെ പതിനാലാം നമ്പര്‍ നിയമത്തിലെയും വകുപ്പുകള്‍ ഭേദഗതി വരുത്തിയാണ് കരടുനിയമം തയ്യാറാക്കിയിരിക്കുന്നത്. കരടുനിയമപ്രകാരം തൊഴില്‍തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനായി തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ തൊഴില്‍തര്‍ക്ക പരിഹാരസമിതികള്‍ രൂപവത്കരിക്കാന്‍ അനുമതിയുണ്ട്. ഒരു ന്യായാധിപന്‍ അധ്യക്ഷനായുള്ള ഒന്നോ അതിലധികമോ സമിതി രൂപീകരിക്കാം. മൂന്ന് അംഗങ്ങളാണ് ഈ സമിതിയില്‍ ഉണ്ടായിരിക്കുക. ജുഡീഷ്യല്‍ അംഗത്തിനെ നിയമിക്കാനുള്ള അനുമതി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനാണുള്ളത്. മറ്റുള്ള രണ്ട് അംഗങ്ങളെ തൊഴില്‍ മന്ത്രിക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

തൊഴില്‍കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുകക്ഷികളുടെയും അവകാശം സംരക്ഷിച്ചുകൊണ്ടായിരിക്കും പരിഹാരം നിര്‍ദേശിക്കുക. പരാതിയില്‍ പരിഹാരം കാണാനുള്ള സമയം മൂന്നാഴ്ചയാണ്. സമിതിയിലെ അംഗങ്ങള്‍ക്ക് നിയമസ്വാതന്ത്ര്യവും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

തീരുമാനങ്ങളില്‍ ബാഹ്യശക്തികളുടെ സ്വാധീനം സമിതിയുടെ തീരുമാനത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും നിയമം കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്. സമിതി എടുക്കുന്ന തീരുമാനങ്ങള്‍ റദ്ദാക്കാനുള്ള അധികാരം അപ്പീല്‍ കോടതികള്‍ക്ക് മാത്രമായിരിക്കും.

ഇതിനുപുറമെ ഗാര്‍ഹിക തൊഴിലാളികളുടെ കരടുനിയമം നടപ്പാക്കാനുള്ള നടപടികളും മന്ത്രിസഭ കൈകൊണ്ടു. തൊഴിലാളിയുടെയും തൊഴില്‍ ഉടമയുടെയും അവകാശങ്ങളും ചുമതലകളും നിര്‍വചിക്കുന്നതാണ് പുതിയ നിയമം. ഇതോടൊപ്പം പുകയില ഉത്പന്നങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രിയുടെ കരടുതീരുമാനത്തിനും മന്ത്രിസഭ അനുമതി നല്‍കി. കൂടാതെ വാണിജ്യ, വ്യവസായ, പൊതു സ്റ്റോറുകളുടെ ലൈസന്‍സ് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കാനുള്ള സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ കരടുതീരുമാനവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.