Section

malabari-logo-mobile

ദോഹയില്‍ തൊഴിലാളികള്‍ക്ക്‌ ആശ്വാസമായി മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നു

HIGHLIGHTS : ദോഹ: വേനലിന് കാഠിന്യം ശക്തമാകുന്ന സാഹചര്യത്തില്‍ പുറംജോലിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ 15 മുതല്‍

qatar--621x414ദോഹ: വേനലിന് കാഠിന്യം ശക്തമാകുന്ന സാഹചര്യത്തില്‍ പുറംജോലിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ആഗസ്ത് 31 വരെ തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള അനുവദിക്കണമെന്നാണ് നിയമം വ്യക്തമാക്കുന്നത്.

രണ്ടര മാസക്കാലം ഉച്ചയ്ക്ക് 11.30 മുതല്‍ മൂന്നുമണിവരെ പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് വിശ്രമ സമയമായിരിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് തൊഴില്‍ മന്ത്രാലയം ഇത്തരമൊരു നിയന്ത്രണം നടപ്പാക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ തൊഴില്‍ സമയം പുനഃക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികളില്‍നിന്നും വന്‍തുക പിഴ ഈടാക്കും. കൂടാതെ കമ്പനി ഒരു മാസം വരെ പൂട്ടിയിടാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

sameeksha-malabarinews

2007 മുതലാണ് മധ്യാഹ്ന വിശ്രമ സമയം അനുവദിക്കാന്‍ നിയമപരമായി തീരുമാനമെടുത്തത്.  രാവിലെ തുടര്‍ച്ചയായി അഞ്ചുമണിക്കൂറിലധികം തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിക്കരുതെന്ന് നിയമം നിര്‍ദേശിക്കുന്നു. നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടാല്‍ തൊഴില്‍ മന്ത്രാലയത്തെ നേരിട്ട് വിളിച്ചറിയിക്കാം. ഇതിനായി ഹെല്‍പ്പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. 44241101ആണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍.

ഈ രണ്ടര മാസം തൊഴിലാളികളുടെ ജോലി സമയക്രമം തൊഴില്‍ സ്ഥലത്ത് കൃത്യമായി പ്രദര്‍ശിപ്പിച്ചിരിക്കണം. തൊഴിലാളികള്‍ക്കും തൊഴില്‍ പരിശോധകര്‍ക്കും പെട്ടെന്ന് കാണാവുന്ന വിധത്തിലായിരിക്കണം ഡ്യൂട്ടി സ്‌കെഡ്യൂള്‍ പ്രദര്‍ശിപ്പിക്കേണ്ടത്.

ഖത്തറിലെ ഇപ്പോഴത്തെ താപനില 46 ഡിഗ്രിസെല്‍ഷ്യല്‍സിനു മുകളിലാണ്. വരും ദിവസങ്ങളിലും താപനില വര്‍ധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത ചൂടില്‍ ദീര്‍ഘനേരം ജോലി ചെയ്താല്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിര്‍ജ്ജലീകരണത്തിലൂടെ തളര്‍ച്ച അനുഭവപ്പെടാനും സാധ്യതയുണ്ട്. കടുത്ത ചൂടില്‍ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്കും ബുദ്ധിമുട്ടാണ്. നിര്‍ജ്ജലീകരണമുണ്ടാകുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ഇതെല്ലാം പരിഗണിച്ചാണ് മധ്യാഹ്ന വിശ്രമസമയം അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനമെടുത്തത്.

കടുത്ത ചൂടില്‍ തൊഴിലെടുക്കുമ്പോള്‍ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ളസംവിധാനങ്ങള്‍ തൊഴിലിടങ്ങളിലുണ്ടാകണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ഖത്തറിലെ ലക്ഷക്കണക്കിന് പ്രവാസിതൊഴിലാളികള്‍ക്ക് ആശ്വാസമാകും.

ഇന്ത്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഒട്ടനവധി തൊഴിലാളികളാണ് ഖത്തറില്‍ നിര്‍മാണ മേഖലയിലുള്‍പ്പടെ പുറംജോലികളിലേര്‍പ്പെട്ടിരിക്കുന്നത്. അവര്‍ക്കാണ് ഏറെ ആശ്വാസമാകുന്നത്. ജൂണ്‍ 15 വരെ കാത്തിരിക്കാതെ വേഗം നടപ്പാക്കണമെന്നും അത് തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!