ദോഹയില്‍ തൊഴിലാളികള്‍ക്ക്‌ മാത്രമായി ആശുപത്രിയും സൗജന്യ ഇന്‍ഷുറന്‍സും

Untitled-1 copyദോഹ: ദേശീയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി (സേഹ)യുടെ മൂന്നാമത്തെയും അവസാനത്തേതുമായ ഘട്ടം അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനി. ഖത്തറില്‍ താമസിക്കുന്ന പ്രവാസികള്‍ ഉള്‍പ്പടെയുള്ള എല്ലാവരും മൂന്നാംഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകും. ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, സന്ദര്‍ശകര്‍ എന്നിവരെല്ലാം പദ്ധതിയുടെ ഭാഗമാകും. തൊഴിലാളികള്‍ക്കു മാത്രമായി അടുത്തവര്‍ഷം ആശുപത്രികള്‍ തുറക്കും. സേഹ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ ഇത് സഹായിക്കും. തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും മറ്റു ഇന്‍ഷൂറന്‍സ് തുക അടയ്‌ക്കേണ്ടത് അതാത് തൊഴിലുടമകളായിരിക്കും. ഈ തുക തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് കുറക്കില്ല. തൊഴിലാളികള്‍ക്ക് നടപ്പാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായിരിക്കും വ്യക്തികള്‍ക്ക് ഇന്‍ഷൂറന്‍സ് നടപ്പാക്കുക. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റൊരു രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഖത്തറില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ മാത്രമായിരിക്കും സേഹ പദ്ധതിയില്‍ ചികിത്സ ലഭിക്കുക. ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനി സി ഇ ഒ ഡോ. ഫാലേഹ് ഹുസൈനുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.