ദോഹയില്‍ നിര്‍മാണ മാലിന്യങ്ങള്‍ ഉപേക്ഷിച്ചാല്‍ കനത്ത പിഴ

Untitled-1 copyദോഹ: ശരിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണ സ്ഥലങ്ങളിലെ പാഴ്‌വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോയാല്‍ പിഴ ഒടുക്കേണ്ടിവരും. പാഴ്‌വസ്തുക്കള്‍ കടത്തുമ്പോള്‍ മാനദണ്ഡം പാലിച്ചില്ലെങ്കില്‍ 500 മുതല്‍ 10,000 റിയാല്‍ വരെയാണ് പിഴ ഒടുക്കേണ്ടി വരിക.

നിര്‍മാണ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാതെ നിര്‍മാണ സ്ഥലങ്ങളില്‍ തന്നെ ഉപേക്ഷിക്കുകയോ ശരിയായ സ്ഥലത്ത് നിക്ഷേപിക്കാതിരിക്കുകയോ ചെയ്താലും പിഴയുണ്ട്. കടത്തുകൂലി ലാഭിക്കാനായി ചില കമ്പനികള്‍ നിര്‍മാണ അവശിഷ്ടങ്ങള്‍ നിര്‍മാണ സ്ഥലത്ത് ഉപേക്ഷിക്കുകയോ റോഡരികുകളില്‍ തള്ളുകയോ ചെയ്യുന്നുണ്ട്. ഇത്തരം കമ്പനികളെ സഹിക്കാനാവില്ലെന്ന് ദോഹ മുനിസിപ്പാലിറ്റിയിലെ ക്ലീനിംഗ് ഇന്‍സ്‌പെക്ടര്‍ ഗാനിം നാസര്‍ അല്‍ ഖുബൈസി പറഞ്ഞു. നഗരങ്ങളുടെ കാഴ്ചയ്ക്കും പരിസ്ഥിതിയുടെ നാശത്തിനും രാജ്യത്തിന്റെ സൗകര്യങ്ങളും നശിപ്പിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിര്‍മാണ കമ്പനികളെ ഉപയോഗിച്ച് അവ നീക്കം ചെയ്യുമെന്ന് മാത്രമല്ല പിഴയും ഈടാക്കും.

കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ തള്ളാനായി കൊണ്ടുപോകുമ്പോള്‍ വാഹനങ്ങളില്‍ ശരിയായ രീതിയില്‍ മറയ്ക്കണമെന്നും അവ റോഡില്‍ വീഴുന്നത് ഒഴിവാക്കണമെന്നും അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ക്ലീനിംഗ് ഇന്‍സ്‌പെക്ടര്‍ അഹമ്മദ് ഹസ്സന്‍ അല്‍ കുവാരി പറഞ്ഞു. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 10,000 റിയാല്‍ പിഴയോടൊപ്പം ഒരു മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വരും.

നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് വീക്ഷിക്കുക മാത്രമല്ല, പൊതുജനങ്ങളില്‍ ഇതേക്കുറിച്ച് അവബോധമുണ്ടാക്കുകയും ക്ലീനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ ചുമതലയാണെന്ന് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഹമദ് അബ്ദുല്ല അല്‍ സാഹ്‌ലി ചൂണ്ടിക്കാട്ടി.