ദോഹയില്‍ ചൂട്‌ തുടരും

imagesദോഹ: ഏതാനും മാസങ്ങള്‍ കൂടി ചൂട് കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് താപം കൂടുതലാണ് ജൂലായ് മാസത്തില്‍ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കഴിഞ്ഞ മാസം 48.2 ഡിഗ്രി സെല്‍ഷ്യസാണ് ദോഹയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട്. ദോഹയ്ക്ക് പുറത്ത് 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ശരാശരി ചൂടില്‍ നിന്നും 7.4 ഡിഗ്രി സെല്‍ഷ്യസാണ് കൂടുതല്‍ രേഖപ്പെടുത്തിയത്.
ചൂട് കാലത്ത് പതിവില്ലാത്ത താപം അനുഭവപ്പെടുന്നതിന് കാരണം ആഗോള താപനവും എല്‍ നിനോ പ്രതിഭാസവുമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
പസഫിക്ക് സമുദ്രത്തിലുണ്ടാകുന്ന വാണിജ്യവാതത്തിലെ മാറ്റം കടലിലെ താപം ഉയര്‍ത്തുകയും അതിന്റെ പ്രത്യാഘാതം കരയിലുണ്ടാവുകയും ചെയ്യുന്നതാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബര്‍ വരെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ചൂടും ഈര്‍പ്പവും വര്‍ധിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
ഈ മാസം ശരാശരി ഈര്‍പ്പം 70 ശതമാനമാണ് പ്രതീക്ഷിക്കുന്നതെങ്കിലും അതിനേക്കാള്‍ കൂടാനും സാധ്യതയുണ്ട്.