ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഖത്തറില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

Untitled-1 copyദോഹ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ജീവിക്കാന്‍ വഴിയില്ലാതെ ഖത്തറിലെ മത്സ്യബന്ധന തുറമുഖത്ത്‌ ദുരിതമനുഭവിക്കുന്നു. കന്യാകുമാരി-തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പതിനൊന്ന്‌ മത്സ്യത്തൊഴിലാളികളാണ്‌ ജോലി ചെയ്‌തിരുന്ന ബോട്ട്‌ തീരദേശ സേന പിടിച്ചെടുത്തതോടെ ദുരിതത്തിലായിരിക്കുന്നത്‌.

കഴിഞ്ഞ പത്തുമാസമായി വക്രയിനിലെ മത്സ്യ ബന്ധന തുറമുഖത്ത്‌ ജോലിയോ ശമ്പളമോ ഇല്ലാതെ ജീവിക്കാന്‍ കഴിയാതെ നരഗയാതന അനുഭവിക്കുന്നത്‌. ഇവര്‍ മത്സ്യബന്ധനത്തിന്‌ പോയിരുന്ന ബോട്ട്‌ തീരദേശ സേന പിടിച്ചെടുത്തതോടെയാണ്‌ ഇവരുടെ വരുമാന മാര്‍ഗം നിലച്ചത്‌. മത്സ്യബന്ധനത്തിനിടെ ദുബായ്‌ അതിര്‍ത്തിയില്‍ നങ്കൂരമിട്ട്‌ കിടക്കുമ്പോഴാണ്‌ ഇവരെ ഖത്തര്‍ തീരദേശ സേന പിടികൂടിയത്‌. ബോട്ടിലുണ്ടായിരുന്നവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇവരെ പിന്നീട്‌ വെറുതെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ പിടിച്ചെടുത്ത ഇവരുടെ ബോട്ട്‌ ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. ഇതോടെയാണ്‌ തൊഴിലാളികള്‍ ദുരിതത്തിലായത്‌.

രോഗിയായ ഇവരുടെ സ്‌പോണ്‍സര്‍ കിടപ്പിലായതോടെ ഇവരുടെ വിഷയത്തില്‍ ആരും ഇടപെടാനില്ലാത്ത അവസ്ഥയാണിപ്പോള്‍. ജോലി മതിയാക്കി ഏതെങ്കിലും വിധത്തില്‍ നാട്ടിലെത്താനുള്ള വഴി തേടുകയാണ്‌ ഈ തൊഴിലാളികളിപ്പോള്‍.