ദോഹ വിസ തട്ടിപ്പ് കേസില്‍ പ്രതിയായ വിദേശിക്ക് ഒരു വര്‍ഷം തടവ്

ദോഹ: തൊഴില്‍ വിസയില്‍ കമ്പനി ഉടമയുടെ വ്യാജ ഒപ്പിട്ട വിദേശിക്ക് ദോഹ ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ തടവ് വിധിച്ചു. ജോര്‍ദ്ദാന്‍ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ പ്രവാസികളായ രണ്ട് വനിതകള്‍ക്കാണ് 20,000, 17,000 റിയാലിന് കമ്പനി ഉടമസ്ഥന്റെ വ്യാജ ഒപ്പിട്ട് തൊഴില്‍ വിസ വിറ്റത്.

ദോഹയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബ്യൂട്ടി സലൂണിന്റെ ഉടമയുടെ ഒപ്പാണ് വിസ ലഭിക്കുന്നതിനുളള ബിസിനസ് രേഖകളെല്ലാം തരപ്പെടുത്തിയ ശേഷം ഇയാള്‍ വ്യാജമായി ഉപയോഗിച്ചത്.

ബ്യൂട്ടി സലൂണ്‍ വില്‍ക്കുന്നത് സംബന്ധിച്ച് ബ്യൂട്ടി സലൂണ്‍ ഉടമ പരസ്യം നല്‍കിയിരുന്നു. വില്‍പ്പനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടിയിലാണ് പ്രതി ബിസ്‌നസുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശപ്പെടുത്തിയത്.

പ്രതി തന്റെ ഒപ്പില്‍ തൊഴില്‍ വിസ എടുത്ത് വിറ്റതായി ബ്യൂട്ടി സലൂണ്‍ ഉടമ അറിഞ്ഞതോടെയാണ് പ്രതിക്കെതിരെ പരാതി നല്‍കിയത്.