ദോഹയില്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കേണ്ട

images (1)ദോഹ: പതിനഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം പരിഗണനയില്‍. ഗതാഗത വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജിയെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ്സുകള്‍ അബു സംറ അതിര്‍ത്തി വഴി കടന്നുപോകാന്‍ അനുവാദം നല്കില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഉത്തരവ്.
പുതിയ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 11ഉം അതില്‍ കൂടുതല്‍ പേരും യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് പുതിയ ഉത്തരവ് പ്രാബല്യത്തിലാക്കുന്നത്. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസ്സുകള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്ന് ഖര്‍ജി ഊന്നിപ്പറഞ്ഞു.
പുതിയ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ ഒഫീഷ്യലുകള്‍ വലിയ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചതായും അറിയിച്ചു. ജൂലായ് ഒന്നാം തിയ്യതി മുതല്‍ പുതിയ മാനദണ്ഡ പ്രകാരമാണ് റജിസ്‌ട്രേഷന്‍ നല്കുന്നതെന്നും ബസ്സുകളും വാനുകളും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രയിലറുകളില്‍ പ്രതിബിംബിക്കുന്ന സ്റ്റിക്കറുകളും ഇടവിട്ട് തിളങ്ങുന്ന വിളക്കുകളും നിര്‍ബന്ധമാണ്. രാത്രി കാലങ്ങളില്‍ വെളിച്ചം കുറഞ്ഞ റോഡുകളില്‍ യു ടേണെടുക്കുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ ശരിയായി ശ്രദ്ധയില്‍പെടാന്‍ ഇത്തരം സ്റ്റിക്കറുകളും വിളക്കുകളും അത്യാവശ്യമാണെന്നും ഖര്‍ജി ചൂണ്ടിക്കാട്ടി. പല സാഹചര്യങ്ങളിലും അപകടമുണ്ടാകാതിരിക്കാനും മറ്റുള്ള വാഹനങ്ങളിലുള്ളവരുടെ റോഡ് സുരക്ഷയ്ക്കും ഇത് ഏറെ സഹായകമാകും. ഡ്രൈവറുടെ സമീപത്തുള്ള ഡോറില്‍ വാഹനത്തിന്റെ ഭാരവും അതില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ള യാത്രക്കാരുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കണം. വാഹനത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗവും റോഡും തമ്മിലുള്ള അകലം ഏത് സാഹചര്യത്തിലും 55 സെന്റീമീറ്ററില്‍ കുറയാന്‍ പാടില്ല.