ദോഹയില്‍ കുടുംബ ചികിത്സാ ചെലവില്‍ ഗണ്യമായ കുറവ്‌

ദോഹ: രാജ്യത്തെ കുടുംബ ചികിത്സാ ചെലവില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഉന്നത ആരോഗ്യ സമിതി (എസ് സി എച്ച്) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നു. 2013ല്‍ 20.2 ശരാശരിയില്‍ 1.03 ബില്യണ്‍ റിയാലായാണ് ചികിത്സാ ചെലവ് കുറഞ്ഞിരിക്കുന്നത്. 2012ല്‍ ഇത് 1.29 ബില്യണ്‍ റിയാലായിരുന്നു. ആരോഗ്യ മേഖലക്കുള്ള സര്‍ക്കാര്‍ ഫണ്ട് 34.3 ശരാശരിയില്‍ 12.64 ബില്യണ്‍ റിയാലായി വര്‍ധിച്ചതാണ് കുടുംബ ചികിത്സാ ചെലവ് കുറയാന്‍ കാരണമായി കണക്കാക്കുന്നത്. വ്യക്തിഗത ചികിത്സാ ചെലവും 2012ലെ 759 റിയാലില്‍ നിന്ന് 2013ല്‍ 515 റിയാലായി കുറഞ്ഞിട്ടുണ്ട്.

രാജ്യത്തെ ആരോഗ്യ സേവനം എല്ലാ വിഭാഗങ്ങളിലേക്കും വികസിച്ചതാണ് ചികിത്സാ ചെലവില്‍ ഇത്തരമൊരു കുറവ് വരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനും (എച്ച് എം സി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനും പുറപ്പെടുവിച്ച മെഡിക്കല്‍ കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ നാമമാത്രമായ ചികിത്സാ ചെലവുകള്‍ മാത്രമേ രോഗികള്‍ക്ക് വരുന്നുള്ളൂ.

2013ലെ ദേശീയ ആരോഗ്യ കണക്കെടുപ്പിന്റെ ഭാഗമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് വ്യാപകമായതും ചികിത്സാ ചെലവുകള്‍ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. 2012- 13 വര്‍ഷങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ 13.0 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ദേശീയ ഇന്‍ഷൂറന്‍സ് സംവിധാനവും ആരോഗ്യ സേവന, ചെലവ് കണക്കുകളെ സ്വാധീനിച്ചതായി കണക്കാക്കുന്നു. വ്യക്തിഗത ചികിത്സാ ചെലവില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ വര്‍ഷവും പ്രകടമായത്. കുടുംബ ചികിത്സാ ചെലവില്‍ 1.4 ശതമാനത്തിന്റെ കുറവ് 2014ല്‍ രേഖപ്പെടുത്തുകയുണ്ടായി. സാമ്പത്തിക വികസന സഹകരണ സംഘടനയിലുള്‍പ്പെട്ട രാജ്യങ്ങളിലെ ചികിത്സാ ചെലവ് 2.1 ശതമാനം കുറവ് രേഖപ്പെടുത്തിയതിനോട് താദാത്മ്യപ്പെട്ടാണ് ഖത്തറിലെ ചികിത്സാ ചെലവിലും കുറവ് സംഭവിച്ചിരിക്കുന്നത്.